ഗോള്‍: ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ആരാധകര്‍ ഇറങ്ങിവരുന്നത് നമ്മള്‍ പലവട്ടം കണ്ടിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ആനയിറങ്ങി വന്നാലോ. അതിനുള്ള സാധ്യത തള്ളിക്കളയാതെയാണ് ശ്രീലങ്കയും സിംബാബ്‌വെയും ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിറങ്ങുന്നത്.
കൊളംബോയില്‍ നിന്ന് 240 കിലോ മീറ്റര്‍ അകലെയുള്ള ഹംബന്‍ടോറ്റ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാം ഏകദിനം. ഗ്രൗണ്ടിന് തൊട്ടടുത്താണ് ആനസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മുമ്പ് പലവട്ടം ഗ്രൗണ്ടിലേക്ക് ആനയിറങ്ങിവന്ന ചരിത്രമുണ്ട്. കളിക്കിടെ അല്ലെന്ന് മാത്രം.
രാത്രികാലങ്ങളില്‍ ആനകള്‍ സമീപമുള്ള സംരക്ഷണ വേലി തകര്‍ത്ത് നിരവധി തവണ ഗ്രൗണ്ടിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആനകള്‍ ഇറങ്ങിയാല്‍ തടയാനായി ശ്രീലങ്ക-സിംബാബ്‌വെ മത്സരത്തിനായി പത്തോളം സുരക്ഷാ ഗാര്‍ഡുകളെ അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന് 100 മീറ്റര്‍ അകലെയാണ് ആനസംരക്ഷണ കേന്ദ്രത്തിന്റെ വനാതിര്‍ത്തി.
35000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം 2009ലാണ് തുറന്നത്. തലസ്ഥാനനഗരിയില്‍ നിന്നുള്ള ദൂരം കാരണം ഇതുവരെ 17 മത്സരങ്ങള്‍ക്ക് മാത്രമാണ് ഇവിടെ വേദിയായത്. പരമ്പരയിലെ ആദ്യമത്സരത്തില്‍ സിംബാബ്‌വെ അത്ഭുത വിജയം നേടിയപ്പോള്‍ രണ്ടാം മത്സരം ജയിച്ച് ശ്രീലങ്ക ഒപ്പമെത്തി.
