കൊളംബോ: ഓരോ മത്സരം കഴിയുന്തോറും കോലിക്ക് മുന്നില്‍ റെക്കോര്‍ഡുകള്‍ വഴിമാറുകയാണ്. ശ്രീലങ്കയ്ക്കെതിരായ ഏക ട്വന്റി-20 മത്സരത്തില്‍ 82 റണ്‍സടിച്ച് ഇന്ത്യയുടെ വിജയശില്‍പിയായ കോലി പുതിയ ഒരു ലോക റെക്കോര്‍ഡ് കൂടി സ്വന്തം പേരിലെഴുതി. രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 15000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന നേട്ടമാണ് കോലി സ്വന്തം പേരിലാക്കിയത്.
333 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി 15000 തികച്ചത്. മറികടന്നതാകട്ടെ കോലിയുടെ റെക്കോര്‍ഡുകള്‍ സ്ഥിരമായി മറികടക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയെയും. 336 ഇന്നിംഗ്സുകളില്‍ നിന്നായിരുന്നു അംല 15000 റണ്‍സ് തികച്ചത്. റെക്കോര്‍ഡ് നേട്ടത്തില്‍ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്സിനെയും മാത്യു ഹെയ്ഡനെയും കോലി മറികടന്നു. 344 ഇന്നിംഗ്സുകളില്‍ നിന്നാണ് റിച്ചാര്‍ഡ്സ് 15000 തികച്ചതെങ്കില്‍ 347 ഇന്നിംഗ്സുകളില്‍ നിന്നായരുന്നു ഹെയ്ഡന്റെ നേട്ടം.
റണ്‍ നേട്ടത്തിനൊപ്പം മറ്റൊരു നേട്ടം കൂടി കോലി ഇന്നലെ സ്വന്തമാക്കിയിരുന്നു. ട്വന്റി-20 പരമ്പരയിലെ മാന്‍ ഓഫ് ദ് സീരീസ് ആയതോടെ ഈ നേട്ടം ഏറ്റവുമധികം തവണ സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് കോലിക്ക് സ്വന്തമായത്. അഞ്ചാം തവണയാണ് കോലി ട്വന്റി-20 പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിസ് ആകുന്നത്. മൂന്ന് തവണ ഈ നേട്ടം കൈവരിച്ചിട്ടുള്ള ഷഹീദ് അഫ്രീദിയാണ് കോലിക്ക് പിന്നില്‍. കളിയിലെ കേമനായും തെരഞ്ഞെടുക്കപ്പെട്ട കോലി പത്താം തവണയാണ് മാന്‍ ഓഫ് ദ മാച്ചാവുന്നത്. 11 തവണ മാന്‍ ഓഫ് ദ മാച്ചായിട്ടുള്ള അഫ്രീദി മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.
ഇന്നലെ ലങ്കയ്ക്കെതിരെ 82 റണ്‍സടിച്ചതോടെ ട്വന്റി-20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും കോലിയുടെ പേരിലായി. സിംബാബ്ഞവെയ്ക്കെതിരെ 72 റണ്‍സടിച്ച റെയ്നയുടെ പേരിലായിരുന്നു റെക്കോര്‍ഡ്. ഇതിനുപുറമെ റണ്‍ പിന്തുടരുമ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. 1016 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 1006 റണ്‍സടിച്ചിട്ടുള്ള മക്കല്ലത്തെയാണ് കോലി മറികടന്നത്.
