ഗോള്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ദിനം തന്നെ പ്രതിരോധത്തിലായ ശ്രീലങ്കയ്ക്ക് വീണ്ടും തിരിച്ചടി. സ്ലിപ്പില്‍ ശാഖര്‍ ധവാന്റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ തള്ള വിരലിന് പരിക്കേറ്റ ബാറ്റ്സ്മാന്‍ അസേല ഗുണരത്നയെ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കി. ഗുണരത്നെയുടെ വിരലിന് പൊട്ടലുണ്ട്.

ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഗുണരത്നെ ഈ ടെസ്റ്റില്‍ ഇനി ബാറ്റിംഗിനു ഇറങ്ങില്ല. ആദ്യ ദിനം തന്നെ 399 റണ്‍സടിച്ച് ലങ്കയെ പ്രതിരോധത്തിലാക്കിയ ഇന്ത്യ വ്യക്തമായ മേധാവിത്വം നേടിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സ്കോറിന് അടുത്തെങ്കിലും എത്താനായില്ലെങ്കില്‍ ലങ്കയ്ക്ക് വിജയപ്രതീക്ഷ വെയ്ക്കാനാവില്ല.

നേരത്തെ വൈറല്‍ പനി മൂലം ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലിന്റെ സേവനവും ആദ്യ ടെസ്റ്റില്‍ ലങ്കയ്ക്ക് നഷ്ടമായിരുന്നു. ചണ്ഡിമലിന് പുറമെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായ ഗുണരത്നെയുടെ സേവനം കൂടി നഷ്ടമാകുന്നത് വലിയ തിരച്ചടിയാണ്. 31കാരനായ ഗുണരത്നെ കരിയറില്‍ ഇതുവരെ അഞ്ച് ടെസ്റ്റുകളാണ് കളിച്ചത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 455 റണ്‍സാണ് ഗുണരത്നെയുടെ സമ്പാദ്യം. സിംബാബ്‌വെയ്ക്കെതിരായ റെക്കോര്‍ഡ് റണ്‍ ചേസില്‍ നിരോഷന്‍ ഡിക്‌വെല്ലയ്ക്കൊപ്പം 80 റണ്‍സടിച്ച് പുറത്താകാതെ നിന്ന ഗുണരത്നെ നിര്‍ണായക സംഭാവന നല്‍കിയിരുന്നു.