കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിന്റെ തനിയാവര്‍ത്തനമാണ് യു എസ് ഓപ്പണിലും കണ്ടത്. 2014 ലെ ഓസ്‌ടേലിയന്‍ ഓപ്പണന്‍ കിരീടത്തിനും 2015 ഫ്രഞ്ച് ഓപ്പണും ശേഷം വീണ്ടും വാവ്‌റിങ്കക്ക് മുന്നില്‍ സെര്‍ബിയന്‍ താരത്തിന് കാലിടറി. ആദ്യ സെറ്റില്‍ നേടിയ മേല്‍ക്കൈ ജോക്കോവിച്ചിന് പിന്നീട് നിലനിര്‍ത്താനായില്ല. സ്വിസ് താരത്തിന്റെ ശക്തമായ സെര്‍വുകള്‍ക്ക് മുന്നില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് പകച്ചു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍ 6-7, 6-4, 7-5, 6-3. ബ്രേക് പോയന്റുകള്‍ക്കുള്ള 10 അവസരങ്ങളില്‍ ആറും ഉപയോഗപ്പെടുത്തിയാണ് വാവ്‌റിങ്ക കിരീടമണിഞ്ഞത്. വാവ്‌റിങ്കക്കെതിരായ അവസരങ്ങള്‍ മുതലെടുക്കാന്‍ ജോക്കോവിച്ചിന് കഴിഞ്ഞതുമില്ല. ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുന്‍പ് തന്നെ പരിക്കിന്റെ പിടിയിലായിരുന്നു ഒന്നാം സീഡ് ജോക്കോവിച്ച്. അത് പ്രകടനത്തിലും പ്രതിഫലിച്ചു. കരിയറിലെ മൂന്നാം ഗ്രാന്റ്സ്ലാമാണ് വാവ്‌റിങ്ക നേടിയത്.