തിരുവനന്തപുരം: മഹാപ്രളയത്തിന്റെ നടുക്കുന്ന ഓർമ്മകളുമായി, ഒത്തിരി താരങ്ങളാണ് ഇത്തവണത്തെ സംസ്ഥാന കായികമേളക്കെത്തുന്നത്. അതില്‍, ഉരുൾപൊട്ടലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ കഥയാണ് ഇടുക്കി വണ്ണപ്പുറം സ്കൂളിലെ ഹെലൻ സജിക്ക് പറയാനുള്ളത്.

കഴിഞ്ഞ ഒമ്പത് കൊല്ലമായി റവന്യൂ ജില്ലാ മീറ്റിലെ ഹൈജംപ് മത്സരം ഹെലൻ സജിയുടെ കുത്തകയാണ്. സംസ്ഥാന- ദേശീയ മീറ്റുകളിലും താരം മിന്നുംപ്രകടനം ആവർത്തിച്ചു. ഇത്തവണ മഴക്കെടുതി ഏൽപ്പിച്ച ആഘാതത്തെക്കൂടി ചാടിക്കടന്നാണ് ഹെലൻ സംസ്ഥാന മീറ്റിനെത്തുന്നത്. ഇടുക്കി ഇരട്ടയാറിലെ വീടിന് മുകളിലേക്ക് ഉരുളുപൊട്ടിവന്നപ്പോൾ കഷ്ടിച്ചാണ് ഹെലനും കുടുംബവും രക്ഷപ്പെട്ടത്.

വണ്ണപ്പുറം സ്കൂളിലെ തന്നെ അൻസു- മോണിക്ക സഹോദരിമാർക്കും സമാന അനുഭവമുണ്ടായി. ദീർഘ ദൂര ഓട്ടത്തിലാണ് അൻസുവും മോണിക്കയും മത്സരിക്കുന്നത്. മഹാപ്രളയം ഏൽപ്പിച്ച മുറിവ്, കൂടുതൽ വീറോടെ മത്സരിക്കാനാണ് പ്രേരിപ്പിക്കുന്നതെന്ന് ഈ താരങ്ങൾ പറയുന്നു.