കോട്ടയം: സംസ്ഥാന സ്കൂൾ കായികമേളയിൽ 11 ഇനങ്ങൾ പൂർത്തിയായപ്പോൾ 33 പോയിന്റോടെ എറണാകുളം ജില്ലയാണ് മുന്നിൽ. 21 പോയിന്റുള്ള പാലക്കാട് രണ്ടാമതും 18 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.സ്കൂളുകളിൽ 13 പോയിന്റുള്ള കോതമംഗലം മാർ ബേസിലാണ് മുന്നിൽ. 9 പോയിന്റുള്ള പാലക്കാട് പറളി ഹൈസ്കൂൾ രണ്ടാം സ്ഥാനത്തുണ്ട്.
കായികോത്സവത്ത്തിന്റെ ആദ്യദിനത്തിൽ ദേശീയ റെക്കോർഡ് മറികടന്ന പ്രകടനത്തോടെ പി എൻ അജിത്തും അനുമോൾ തമ്പിയും താരങ്ങളായി. 3000 മീറ്ററിലാണ് അനുമോളുടെ നേട്ടമെങ്കിൽ അജിത് 5000 മീറ്ററിൽ മീറ്റ് റെക്കോർഡും മറികടന്നാണ് നേട്ടം സ്വന്തമാക്കിയത്.

സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിലാണ് അനുമോൾ തമ്പി ദേശീയ റെക്കോർഡ് മറികടന്നത്. 9 മിനിറ്റ് 50.89 സെക്കന്‍ഡിലാണ് അനുമോൾ ഓടിയെത്തിയത്. കോതമംഗലം മാർ ബേസിൽ സ്കൂളിൽ നിന്നുള്ള താരമാണ് അനുമോൾ. കഴിഞ്ഞ മീറ്റിലെ വെള്ളി ഇത്തവണ സ്വര്‍ണമായത് ഏറെ സന്തോഷം നൽകുന്നുവെന്ന് അനുമോൾ പറഞ്ഞു.
ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ തിരുവനന്തപുരം സായിയിൽ നിന്നുള്ള സൽമാൻ ഫാറൂഖ് സ്വർണം നേടി. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് കല്ലടി സ്കൂളിന്റെ ചാന്ദ്നീ സിയ്ക്കാണ് സ്വർണം. ജൂനിയർ ആണ്‍കുട്ടികളുടെ ജാവ്‌ലിൻ ത്രോയിൽ മേറ്റ് റെക്കോർഡോടെ മാർ ബേസിലിന്റെ യാദവ് നരേഷ് കൃപാൽ സ്വർണം നേടി.
സബ് ജൂനിയർ വിഭാഗം ഹൈജമ്പിൽ തുടർച്ചയായ രണ്ടാം വർഷവും പത്തനംതിട്ടയുടെ ഭരത് രാജ് സ്വര്‍ണ നേട്ടം ആവർത്തിച്ചു.പുല്ലാട് എസ് വി എച്ച് എസ് എസിൽ നിന്നുള്ള താരമാണ് ഭരത് രാജ്. 600 മീറ്ററിലും ലോങ്ങ് ജമ്പിലും ഭരത് ഇനി മത്സരിക്കുന്നുണ്ട്.
