മുംബൈയില്‍ നാലാമത്തെ മല്‍സരം ജയിച്ചതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഒരിന്നിംഗ്സിനും 36 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ഗംഭീര വിജയം. ഇര‍ട്ടസെഞ്ച്വറി നേടിയ നായകന്‍ വിരാട് കൊഹ്‌ലിയും 12 വിക്കറ്റുകള്‍ പിഴുത അശ്വിനുംചേര്‍ന്നാണ് ഇന്ത്യയ്‌ക്ക് ആധികാരികജയം ഒരുക്കിയത്. ഇവിടെയിതാ, ഇന്ത്യയുടെ ഇന്നത്തെ ജയം തീര്‍ത്ത സംഖ്യാപരമായ ചില കണക്കുകള്‍ നോക്കാം...

17- ഇന്നത്തെ ജയത്തോടെ ഇന്ത്യയുടെ അപരാജിത കുതിപ്പ് 17 മല്‍സരം പിന്നിട്ടു. 2015 ഓഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യ അവസാനമായി ടെസ്റ്റില്‍ തോറ്റത്. 1987ല്‍ ഇന്ത്യ സൃഷ്‌ടിച്ച അപരാജിതമായ 17 മല്‍സരങ്ങള്‍ എന്ന റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ഇന്ത്യ എത്തിയിരിക്കുന്നത്. ചെന്നൈയില്‍ തുടങ്ങുന്ന അഞ്ചാം ടെസ്റ്റ് ജയിക്കാനായാല്‍ ഇക്കാര്യത്തില്‍ കൊഹ്‌ലിയുടെ ഇന്ത്യയ്‌ക്ക് ചരിത്രം രചിക്കാം.

5- തുടര്‍ച്ചയായി അഞ്ചാം പരമ്പര വിജയമാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയെ അവരുടെ നാട്ടില്‍ 2-1ന് തോല്‍പ്പിച്ച ഇന്ത്യ, പിന്നീട് സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയെ 3-0നും വെസ്റ്റിന്‍ഡീസിനെ അവരുടെ നാട്ടില്‍ 2-0നും ന്യൂസിലാന്‍ഡിനെ സ്വന്തം നാട്ടില്‍ 3-0നും തോല്‍പ്പിച്ചിരുന്നു.

3- ആദ്യ ഇന്നിംഗ്സില്‍ 400 റണ്‍സെടുത്ത ടീം ഇന്നിംഗ്സ് പരാജയം ഏറ്റുവാങ്ങുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയോടും ശ്രീലങ്ക, ഇംഗ്ലണ്ടിനോടും ഇത്തരത്തില്‍ തോറ്റിരുന്നു.

8- ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം ടെസ്റ്റ് വിജയമെന്ന നേട്ടത്തിനൊപ്പമെത്തി. 2010ല്‍ 14 ടെസ്റ്റില്‍നിന്ന് ഇന്ത്യ എട്ട് വിജയം സ്വന്തമാക്കിയിരുന്നു. ഇത്തവണ 11 മല്‍സരങ്ങളില്‍നിന്നാണ് ഇന്ത്യ എട്ടുവിജയം സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം വിജയം സ്വന്തമാക്കുന്ന നായകന്‍ എന്ന റെക്കോര്‍ഡും കൊഹ്‌ലി സ്വന്തമാക്കി. 2010ല്‍ ധോണിയുടെ കീഴില്‍ ഏഴ് മല്‍സരങ്ങളാണ് ഇന്ത്യ ജയിച്ചത്.

24- ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടുന്ന ഇരുപത്തിനാലാമത്തെ ടെസ്റ്റ് വിജയമാണിത്. 116 മല്‍സരങ്ങളില്‍നിന്നാണിത്. ഓസ്‌ട്രേലിയയ്ക്കെതിരെയും ഇന്ത്യ 24 ടെസ്റ്റ് ജയങ്ങള്‍ നേടിയിട്ടുണ്ട്. അത് 90 മല്‍സരങ്ങളില്‍നിന്നാണെന്ന് മാത്രം.

4- അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇംഗ്ലണ്ട് താരമാണ് കീറ്റണ്‍ ജെന്നിങ്സ്