മുംബെെ: ഇന്‍റര്‍കോണ്ടിനന്‍റല്‍ കപ്പില്‍ ന്യൂസിലന്‍റിനോട് പരാജയം രുചിച്ചതില്‍ പ്രതികരണവുമായി ഇന്ത്യന്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റെന്‍റെെന്‍. വ്യക്തിപരമായി വരുത്തിയ പിഴവുകളാണ് ടീമിന് വിനയായതെന്നാണ് അദ്ദേഹം പറയുന്നത്.

ഒരു ഗോളിന് മുന്നിലെത്തിയിട്ടും ആതിഥേയരായ ഇന്ത്യയെ കിവികള്‍ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് പിന്നിലാക്കിയത്. സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ ചെെനീസ് തായ്പെയിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കും കെനിയയെ മൂന്നു ഗോളുകള്‍ക്കും തകര്‍ത്ത ആത്മവിശ്വാസമുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ കളത്തില്‍ അടിപതറുകയായിരുന്നു.

യുവ താരങ്ങള്‍ അടങ്ങിയ മികച്ച സംഘമായിരുന്നു അവരുടേത്. നമ്മള്‍ ചില തെറ്റുകള്‍ വരുത്തി. കഴിഞ്ഞ രണ്ടു കളികള്‍ തുടങ്ങാന്‍ സാധിച്ചതു പോലെ പറ്റിയുമില്ല. ആദ്യം സ്കോര്‍ ചെയ്തെങ്കിലും പിന്നീട് രണ്ട് തടുക്കാന്‍ വലിയ ബുദ്ധിമുട്ടില്ലാത്ത ഗോളുകളാണ് വഴങ്ങിയത്.

വ്യക്തിപരമായ വരുത്തിയ തെറ്റുകള്‍ ടീമിനെ ബാധിച്ചെന്നും കോണ്‍സ്റ്റെന്‍റെെന്‍ പറഞ്ഞു. ടീമിന്‍റെ മുന്നോട്ടുള്ള യാത്രകളുടെ ഭാഗമാണിത്. എപ്പോഴും 3-0 എന്ന സ്കോറിന് ജയിക്കാനാവില്ല. വിജയം കണ്ട കളിയില്‍ നിന്ന് ഏഴ് മാറ്റങ്ങള്‍ വരുത്തിയത് ആവശ്യമായത് കൊണ്ടാണ്.

ഏഷ്യന്‍ കപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് ടൂര്‍ണമെന്‍റില്‍ കളിക്കുന്നത്. അതിനാല്‍ എപ്പോഴും ടീമിനെ ഉടച്ചു വാര്‍ത്തുകൊണ്ടിരിക്കും. പക്ഷേ, വിചാരിച്ച ഫലം നമ്മുക്ക് ലഭിച്ചില്ല. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതാണ് പ്രധാനപ്പെട്ട കാര്യം. 11 സന്ദേശ് ജിങ്കന്മാരെയും 11 സുനില്‍ ഛേത്രിമാരെയും 11 അനിരുദ്ധ് ഥാപ്പമാരയെും നമുക്ക് ലഭിക്കില്ല.

താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഈ കളികളിലൂടെ നടത്തുന്നത്. എന്നാല്‍, അവസരം ലഭിച്ചിട്ടും ചില താരങ്ങള്‍ക്ക് ന്യൂസിലന്‍റിനെതിരെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. വമ്പന്‍ തോല്‍വി വഴങ്ങിയില്ലെങ്കില്‍ ടൂര്‍ണമെന്‍റിന്‍റെ ഫെെനലില്‍ എത്താമെന്ന ബോധ്യമുണ്ടായിരുന്നു.

ഇത് ലോകത്തിന്‍റെ അവസാനമൊന്നുമല്ല. ആദ്യ രണ്ടു കളികളിലെ പ്രകടനത്തോടെ നമ്മള്‍ കലാശ പോരാട്ടത്തിന് യോഗ്യത നേടി കഴിഞ്ഞു. ജെജെയ്ക്കും ഛേത്രിക്കും ഹോലിചരണ്‍ നസ്രിക്കും അനസിനും സന്ദേശിനും ആദ്യ രണ്ടു മത്സരങ്ങള്‍ക്ക് ശേഷം വിശ്രമം അനുവദിക്കണ്ടതാണ്.

എന്നാല്‍, എല്ലാവര്‍ക്കുമറിയാം എന്തു കൊണ്ടാണ് ഛേത്രിയെ കളിപ്പിക്കുന്നതെന്ന്. ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസരങ്ങള്‍  സൃഷ്ടിക്കുകയായിരുന്നു ടീം അഴിച്ചു പണിയുടെ ലക്ഷ്യം. ചിലര്‍ അത് ഉപയോഗിച്ചപ്പോള്‍ ചിലര്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ടീമിന്‍റെ പ്രകടനത്തില്‍ സന്തുഷ്ടരാണെന്നാണ് കിവി കോച്ച് ഫ്രിട്ട്സ് ഷിമിഡ് പ്രതികരിച്ചത്.