ദില്ലി: ധര്‍മ്മശാല ടെസ്റ്റില്‍ തോറ്റതോടെ ഓസ്ട്രേലിയന്‍ നായകന് പുനര്‍ചിന്ത. ചൊവ്വാഴ്ച ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് പരമ്പര നേടിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മിത്ത് മാപ്പു പറഞ്ഞത്. അവസാന മത്സരം എട്ടു വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കിയിരുന്നു. വാശിയേറിയ പരമ്പരയില്‍ സമ്മര്‍ദ്ദം കൂടുതലായിരുന്നു. ആ സമയത്ത് മനോ നിയന്ത്രണം നഷ്ടപ്പെട്ടു എല്ലാം വൈകാരികമായി പോയി. ഇപ്പോള്‍ എല്ലാറ്റിനും മാപ്പു ചോദിക്കുന്നു.
പരമ്പരയില്‍ സ്മിത്ത് മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരെ പ്രകീര്‍ത്തിച്ച സ്മിത്ത് മൂന്നാം ദിവസം അവര്‍ കളിച്ച രീതിയേയും ഊന്നി പറഞ്ഞു. പരമ്പരയില്‍ ഉടനീളം ഉമേഷ് യാദവ് മികച്ച പ്രകടനം കാട്ടിയെന്നും പറഞ്ഞു. നാലു മത്സരങ്ങളിലുമായി മൂന്ന് സെഞ്ച്വറിയോടെ അടിച്ചു കൂട്ടിയത് 499 റണ്‍സായിരുന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പരമ്പരകളില്‍ ഒന്നായിരുന്നു ഇത്. വെല്ലുവിളി ഉയര്‍ത്തുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഞങ്ങളുടെ പോരാട്ടവും മികച്ചതായിരുന്നു. മത്സരത്തിന് മുമ്പ് തന്നെ വിവാദങ്ങള്‍ പരമ്പരയ്ക്ക് കൊഴുപ്പ് നല്‍കിയിരുന്നു.
ഓസീസ് നായകന്‍ സ്മിത്തും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും തമ്മിലുള്ള പ്രശ്‌നത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന് പോലും ഇടപെടേണ്ട സാഹചര്യം വന്നു. ഇരു ടീമുകളും തമ്മിലുള്ള പോര് ശക്തമായപ്പോള്‍ കോഹ്‌ലിയുടെ തോളില്‍ പരിക്കേറ്റ് സാഹചര്യത്തെ പോലും ഗ്‌ളെന്‍ മാക്‌സ്‌വെല്‍ പരിഹസിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു.
