ബംഗളൂരു: ഇന്ത്യാ-ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് ക്രീസ് വിട്ടത് നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍. ഇന്ത്യക്കും വിജയത്തിനുമിടയില്‍ വെല്ലുവിളിയാവുമായിരുന്ന സ്മിത്തിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഉമേഷിന്റെ താണുവന്ന പന്തിലാണ് അതുവരെ ആത്മവിശ്വാസത്തോടെ മുന്നേറിയ സ്മിത്തിന് പിഴച്ചത്.

ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും ഡിആര്‍എസിന് പോണോ എന്ന സംശയത്തിലായിരുന്നു സ്മിത്ത്. അതിനാല്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന ഹാന്‍ഡ്സ്കോംബുമായി സംസാരിച്ചെങ്കിലും ഔട്ടാണോ എന്ന കാര്യത്തില്‍ അദ്ദേഹത്തിനും ഉറപ്പില്ലായിരുന്നു. പിന്നീട് ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയ സ്മിത്ത് അവിടെനിന്നുള്ള സിഗ്നലിനായി കാത്തുനിന്നതാണ് വിവാദമായത്. ഇത് കോലി അമ്പയറുടെ ശ്രദ്ധയില്‍പ്പെടുത്തിയ ഉടന്‍ സ്മിത്തിനോട് ക്രീസ് വിട്ടുപോകാന്‍ അമ്പയര്‍ ആവശ്യപ്പെടുകയായിരുന്നു. ഡിആര്‍എസ് എടുക്കാതെ സ്മിത്ത് ക്രീസ് വിട്ടു.

Scroll to load tweet…

ഫീല്‍ഡ് അമ്പയറുടെ തീരുമാനം 15 സെക്കന്‍ഡിനുള്ളില്‍ ചലഞ്ച് ചെയ്താലെ ഡിആര്‍എസ് അനുവദിക്കുകയുള്ളൂ. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്മിത്തിന്റെ നടപടിയെ കോലി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മുമ്പും രണ്ടു മൂന്നുതവണ ഡിആര്‍എസിന് പോവും മുമ്പ് ഓസീസ് താരങ്ങള്‍ സമാനമായ രീതിയില്‍ ഡ്രസ്സിംഗ് റൂമില്‍ നിന്നുള്ള സൂചനകള്‍ക്ക് കാത്തു നിന്നിട്ടുണ്ടെന്നും കളിയുടെ മാന്യത ലംഘിക്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും കോലി പറഞ്ഞു.