ദില്ലി: ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയ വര്‍ഷമായിരുന്നു 2017. പരമ്പര വിജയങ്ങളും വ്യക്തിഗത റെക്കോര്‍ഡുകളും കൊണ്ട് ടീം ക്രിക്കറ്റിനെ കീഴടക്കിയ വര്‍ഷം. എന്നാല്‍ ഒരു റെക്കോര്‍ഡ് മാത്രം എത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം വിരാട് കോലിയെയും ചേതേശ്വര്‍ പൂജാരയെയും മറികടന്ന് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത് സ്വന്തമാക്കി. 

പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് 76.76 ശരാശരിയില്‍ 1305 റണ്‍സാണ് സ്മിത്ത് ഈ വര്‍ഷം ടെസ്റ്റില്‍ അടിച്ചെടുത്തത്. ആറ് ശതകവും ഒരു ഇരട്ട സെഞ്ചുറിയും ഇതിലുള്‍പ്പെടുന്നു. അതേസമയം 1120 റണ്‍സുമായി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. 1128 റണ്‍സുമായി ഡീന്‍ എള്‍ഗര്‍ മൂന്നാമതും 1053 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാലാം സ്ഥാനത്തുമുണ്ട്.