സിഡ്‌നി: സമകാലിക ക്രിക്കറ്റിലെ സമാനതകളില്ലാത്ത ബാറ്റിംഗ് ജീനിയസാണ് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. സ്‌പിന്‍ ബൗളറായി ടീമിലെത്തി ബാറ്റിംഗ് റെക്കോര്‍ഡുകള്‍ കടപുഴക്കി മുന്നേറുകയാണ് ഈ റണ്‍മെഷീന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സര്‍ ഡൊണള്‍ഡ് ബ്രാഡ്മാന് ശേഷം മികച്ച താരം താന്‍ തന്നയെന്ന് ഒരിക്കല്‍ കൂടി സ്മിത്ത് ആഷസില്‍ തെളിയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍മാരില്‍ മത്സരം ബ്രാഡ്മാനും സ്മിത്തും തമ്മിലാണ് എന്ന് പറയുന്നതാവും ശരി.

ടെസ്റ്റില്‍ വേഗത്തില്‍ 6000 റണ്‍സ് പിന്നിട്ട താരങ്ങളില്‍ ഗാരി സോബേഴ്‌സിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി സ്മിത്ത്. 111 ഇന്നിംഗ്സുകളില്‍ നിന്ന് നേട്ടത്തിലെത്തിയ സ്മിത്തിന് മുന്നില്‍ ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന് മാത്രമാണുള്ളത്. അതേസമയം ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ സെഞ്ചുറി നഷ്ടമായതോടെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഓസീസ് നായകന്‍ കൈവിട്ടത്. 

മൊയിന്‍ അലിയുടെ പന്തില്‍ പുറത്തായപ്പോള്‍ 137.40 ആയിരുന്നു സ്മിത്തിന്‍റെ ആഷസ് ബാറ്റിംഗ് ശരാശരി. രണ്ട് റണ്‍സ് മാത്രം കൂടുതലുമായി(139) ഡൊണള്‍ഡ് ബ്രാഡ്മാനാണ് സ്മിത്തിനേക്കാള്‍ ശരാശരിയുള്ള ഏക താരം. സെഞ്ചുറി നേടിയിരുന്നെങ്കില്‍ ഒരു ആഷസ് പരമ്പരയില്‍ നാല് ശകങ്ങള്‍ നേടിയ ബ്രാഡ്മാന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തുമായിരുന്നു സ്മിത്ത്. ഒരു ആഷസ് പരമ്പരയില്‍ 75 റണ്‍സിലധികം റണ്‍സ് കൂടുതല്‍ തവണ(5) സ്കോര്‍ ചെയ്ത താരങ്ങളില്‍ ബില്‍ ലോറിയുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു ഓസീസ് നായകന്‍.