മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോക്കെതിരെ കടുത്ത ആരോപണങ്ങളുമായി സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ആത്മകഥ. താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും സ്വാര്‍ത്ഥനായ കളിക്കാരനാണ് സ്റ്റീവ് വോ എന്നും സ്വന്തം ബാറ്റിംഗ് ശരാശരി 50ന് മുകളില്‍ എത്തിക്കുന്നതിനെക്കുറിച്ച് മാത്രമെ അദ്ദേഹത്തിന് ചിന്തയുണ്ടായിരുന്നുള്ളൂവെന്നും വോണ്‍ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ നോ സ്പിന്‍ എന്ന പുസ്തകത്തില്‍ പറയുന്നു.

സി‍ഡ്നി: മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോക്കെതിരെ കടുത്ത ആരോപണങ്ങളുമായി സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ആത്മകഥ. താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും സ്വാര്‍ത്ഥനായ കളിക്കാരനാണ് സ്റ്റീവ് വോ എന്നും സ്വന്തം ബാറ്റിംഗ് ശരാശരി 50ന് മുകളില്‍ എത്തിക്കുന്നതിനെക്കുറിച്ച് മാത്രമെ അദ്ദേഹത്തിന് ചിന്തയുണ്ടായിരുന്നുള്ളൂവെന്നും വോണ്‍ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ നോ സ്പിന്‍ എന്ന പുസ്തകത്തില്‍ പറയുന്നു.

ക്യാപ്റ്റനായശേഷം സ്റ്റീവ് വോ ആകെ മാറി. എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതുകൊണ്ട് പറയുന്നതല്ല. മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെങ്കില്‍ എന്നെ ഒഴിവാക്കുന്നതില്‍ എനിക്ക് യാതൊരു വിഷമവുമില്ല. എന്നാല്‍ എന്റെ പ്രകടനത്തെക്കാളുപരി അതില്‍ മറ്റ് ചില കാര്യങ്ങളുണ്ടായിരുന്നു. പ്രധാനമായും പ്രഫഷണല്‍ ജെലസി തന്നെയായിരുന്നു അതിന് പിന്നില്‍.

ആദ്യ മൂന്ന് ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ ശക്തമായി പിന്തുണച്ചത് വോ ആയിരുന്നു. തോളിനേറ്റ പരിക്കില്‍ നിന്ന് മോചിതനായി പഴയതാളം വീണ്ടെടുക്കുകയായിരുന്നു ഞാന്‍. ടീമിനൊപ്പമുണ്ടായിരുന്ന സെലക്ടര്‍മാരായ അലന്‍ ബോര്‍ഡറും ജെഫ് മാര്‍ഷും എന്നെ പിന്തുണച്ചു. എന്നാല്‍ എന്നെ ഒഴിവാക്കണമെന്ന തീരുമാനത്തില്‍ വോ ഉറച്ചുനിന്നു.

പ്രതിസന്ധികാലത്ത് വോ എന്നെ പിന്തുണച്ചില്ല. ഒരിക്കല്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് പ്രതിസന്ധയുണ്ടായപ്പോഴൊക്കെ ഞാന്‍ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ തിരിച്ച് അതുണ്ടായില്ലെന്നും വോണ്‍ പുസ്തകത്തില്‍ പറയുന്നു. ഈ മാസം നാലിനാണ് വോണിന്റെ ആത്മകഥ പുറത്തിറങ്ങുന്നത്. ക്രിക്കറ്റ് അവതാരകന്‍ മാര്‍ക്ക് നിക്കോള്‍സുമായി സഹകരിച്ചാണ് വോണ്‍ ആത്മകഥയെഴുതിയത്.