റാഞ്ചി: ഡിആര്‍എസ് വിവാദത്തിന്റെ ചൂട് അടങ്ങിയെങ്കിലും ഓസ്ട്രേലിയക്കാര്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് കട്ട കലിപ്പില്‍ തന്നെയാണ്. കോലിയെ കളിയാക്കാന്‍ കിട്ടുന്ന ഒരവസരവും അവര്‍ നഷ്ടമാക്കുന്നുമില്ല. ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോളിനേറ്റ പരിക്ക് ഭേദമാകാതെ ക്രീസിലെത്തിയ കോലിയോടും ഓസീസിന്റെ കളിയാക്കലുകളുണ്ടായി. കോലിയടിച്ച ഒരു ഷോട്ട് ബൗണ്ടറി കടക്കുന്നത് തടയാനായി ബൗണ്ടറി ലൈനില്‍ ഡൈവ് ചെയ്ത് സേവ് ചെയ്തശേഷം ഗ്ലെന്‍ മാക്സ്‌വെല്ലായിരുന്നു ആദ്യം കോലിയെ കളിയാക്കിയത്.
ഡൈവ് ചെയ്തശേഷം ചുമലില്‍ വേദനയുള്ളതുപോലെ എഴുന്നേറ്റ മാക്സ്‌വെല്‍ പരിക്കേറ്റപ്പോള്‍ കോലി പുറത്തെടുത്ത അതേ റിയാക്ഷന്‍ പുറത്തെടുത്താണ് കോലിയെ കളിയാക്കിയത്. കളിയാക്കല്‍ കോലി കാണുന്നുണ്ടെന്ന് മാക്സ്‌വെല്‍ ഉറപ്പാക്കുകയും ചെയ്തു. എന്തായാലും ഓസീസിന്റെ കളിയാക്കല്‍ തന്ത്രത്തില്‍ കോലി വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കമിന്‍സിന്റെ തൊട്ടടുത്ത പന്തില്‍ കവര്‍ഡ്രൈവിന് ശ്രമിച്ച കോലിക്ക് പിഴച്ചു.
എഡ്ജ് ചെയ്ത പന്ത് സ്ലിപ്പില്‍ സ്മിത്തിന്റെ കൈകളിലൊതുങ്ങി. സ്ലിപ്പില്‍ നല്ലൊരു ക്യാച്ചെടുത്ത ആവേശം മാത്രമായിരുന്നില്ല അപ്പോള്‍ സ്മിത്തിന്റെ മുഖത്ത്. കോലിയക്ക് യാത്രയയപ്പ് നല്‍കാനും സ്മിത്ത് മറന്നില്ല. ഓസീസ് താരങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് അമ്പയറോട് റിപ്പോര്‍ട്ട് ചെയ്തശേശമാണ് കോലി ക്രീസ് വിട്ടത്.
