പൂനെ: ഇന്ത്യന്‍ ബൗളര്‍മാരെ കാഴ്ചക്കാരാക്കി ഇംഗ്ലീഷ് ബാറ്റിംഗ് നിര നിറഞ്ഞാടിയപ്പോള്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 351 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഇംഗ്ലീഷ് ബാറ്റിംനിരയിലെ അലക്സ് ഹെയില്‍സൊഴികെയുള്ളവരെല്ലാം തകര്‍ത്തടിച്ചപ്പോള്‍ 50 ഓവറില്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സടിച്ചു. ഹെയില്‍സും റോയിയും ചേര്‍ന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമിട്ടു. സ്കോര്‍ 39ല്‍ നില്‍ക്കെ 9 റണ്‍സെടുത്ത ഹെയില്‍സിനെ റണ്ണൗട്ടാക്കിയ ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കാതെ പിന്നീട് ജേസണ്‍ റോയിയും ജോ റൂട്ടും കളം നിറഞ്ഞപ്പോള്‍ പേസും സ്പിന്നും വ്യത്യാസമില്ലാതെ ബൗളര്‍മാര്‍ നിസഹായരായി.

ഇടയ്ക്കിടെ ഫുള്‍ടോസും നോ ബോളുകളുമെറിഞ്ഞ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഉദാരമനസ്കരായപ്പോള്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമായി. 61 പന്തില്‍ 73 റണ്‍സെടുത്ത റോയിയെ ജഡേജ പുറത്താക്കിയെങ്കിലും ഇന്ത്യക്ക് ആശ്വസിക്കാന്‍ വകയൊന്നുമുണ്ടായിരുന്നില്ല. 26 പന്തില്‍ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും 31 റണ്‍സെടുത്ത ജോസ് ബട്‌ലറും റണ്‍നിരക്ക് താഴാതെ കാത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ബെന്‍ സ്റ്റോക്സ് 40 പന്തില്‍ 62 റണ്‍സെടുത്ത് 300 പ്രതീക്ഷിച്ച ഇംഗ്ലണ്ടിനെ 350ല്‍ എത്തിച്ചു.

17 പന്തില്‍ 28 റണ്‍സെടുത്ത മോയിന്‍ അലിയും ഇംഗ്ലീഷ് സ്കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി. 9 ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഹര്‍ദ്ദീക് പാണ്ഡ്യയും 10 ഓവറില്‍ 50 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും മാത്രമാണ് ഏറ്റവും കുറവ് തല്ലുകൊണ്ട ബൗളര്‍മാര്‍. അശ്വിന്‍ എട്ടോവറില്‍ 63 റണ്‍സ് വഴങ്ങിയപ്പോള്‍ ഉമേഷ് യാദവ് ഏഴോവറില്‍ 63 റണ്‍സ് വഴങ്ങി. ബൂമ്രയാകട്ടെ പത്തോവറില്‍ വിട്ടുകൊടുത്തത് 79 റണ്‍സായിരുന്നു. അവസാന പത്തോവറില്‍ ഇംഗ്ലണ്ട് അടിച്ചെടുത്ത് 115 റണ്‍സായിരുന്നു. ഇതില്‍ അവസാന നാലോവറില്‍ അടിച്ചെടുത്തതാകട്ടെ 50 റണ്‍സും.