ദില്ലി: ഡേവിസ് കപ്പ് ലോകഗ്രൂപ്പ് പ്ലേ ഓഫില്‍ ഇന്ത്യക്കെതിരായ ആദ്യ മത്സരത്തില്‍ നിന്ന് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പിന്‍മാറി. വയറുവേദനയെത്തുടര്‍ന്നാണ് നദാല്‍ മത്സരത്തിന് തൊട്ടുമുമ്പ് പിന്‍മാറിയത്. ആദ്യ സിംഗിള്‍സ് പോരാട്ടത്തില്‍ ഇന്ന് രാംകുമാര്‍ രാമനാഥനെ നേരിടാനിരിക്കുകയായിരുന്നു നദാല്‍.

ഫെലിസിയാനോ ലോപ്പസിനെ നദാലിന്റെ പകരക്കാരനായി സ്പെയിന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, അസുഖം ഭേദമാവുകയാണെങ്കില്‍ നദാല്‍ റിവേഴ്സ് സിംഗിള്‍സില്‍ കളിക്കും. ഇന്ത്യയുടെ സാകേത് മെയ്നേനിയും ലോക 13-ാം റാങ്കുകാരനായ ഡേവിഡ് ഫെററും തമ്മിലാണ് രണ്ടാമത്തെ സിംഗിള്‍സ് പോരാട്ടം.

എഷ്യ-ഓഷ്യാനിയ ഗ്രൂപ്പില്‍ ദക്ഷിണ കൊറിയയയെ തകര്‍ത്താണ് ഇന്ത്യ ലോക ഗ്രൂപ്പില്‍ കളിക്കാന്‍ യോഗ്യത നേടിയത്. യൂറോപ്പ്-ആഫ്രിക്ക സോണില്‍ നിന്ന് റുമാനിയയയെ കീഴടക്കിയാണ് സ്പെയിന്‍ ലോക ഗ്രൂപ്പ് പ്ലേ ഓഫിലെത്തിയത്. ഡേവിസ് കപ്പില്‍ ഇതുവരെ മൂന്നുതവണ ഏറ്റുമുട്ടിയതില്‍ രണ്ടുതവണ ജയം സ്പെയിനിനൊപ്പമായിരുന്നു.