ദില്ലി: ഒരിക്കല്‍ പൊലീസിനെതിരെ കല്ലുകള്‍ വാരിയെറിഞ്ഞ വളയിട്ട കരങ്ങളില്‍ ഇന്ന് ജമ്മു കശ്മീരിന്റെ ഗോള്‍വല ഭദ്രമാണ്. കഴിഞ്ഞ ഏപ്രിലില്‍ ശ്രീനഗറിലെ തെരുവുകളില്‍ പ്രക്ഷോഭകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസിനെതിരെ കല്ലെറിയുന്ന അഫ്സാന്റെ ചിത്രം ഏറെ വൈറലായിരുന്നു. പട്ട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലെ ട്രെയിനിംഗിന് ശേഷം കശ്മീരിലെ വനിതാ ഫുട്ബോള്‍ ടീമിന്റെ പരിശീലകയായിരുന്നു അഫ്സാന്‍. 

സല്‍വാറും കമ്മീസും അണിഞ്ഞ് പോലീസിനെതിരെ കല്ലെറിയുന്ന യുവതിയുടെ ചിത്രം റോയിട്ടേഴ്സ് ആണ് പുറത്ത് വിട്ടത്. മുഖത്തിന്റെ പാതി ഷാള്‍ കൊണ്ട് മറച്ച് കല്ലെറിയുന്ന യുവതിയുടെ കണ്ണുകളിലെ രോഷം ചിത്രത്തില്‍ വ്യക്തമായിരുന്നു. ചിത്രത്തിലെ യുവതിയ്ക്കായുള്ള അന്വേഷണങ്ങളായിരുന്നു അഫ്സാന്‍ ആഷിഖില്‍ അവസാനിച്ചത്. എന്നാല്‍ അക്രമത്തിലൂടെ ഒന്നും നേടിയെടുക്കാനാവില്ലെന്ന് നിരന്തരം പറഞ്ഞിരുന്ന അഫ്സാന്‍ പൊലീസിനെതിരെ അക്രമത്തില്‍ ഏര്‍പ്പെട്ടത് സുഹൃത്തുക്കളെയും ആശ്ചര്യപ്പെടുത്തിയിരുന്നു. 

എന്നാല്‍ ആ കല്ലെറിയുന്ന യുവതിയുടെ കരങ്ങളാണ് ഇന്ന് ജമ്മുകശ്മീരിന്റെ ഗോള്‍ വലകള്‍ കാക്കുന്നത്. അധികാരികള്‍ക്ക് നേരെ കല്ലെടുത്ത കരങ്ങളില്‍ ഇന്നുള്ളത് ഗോളിയുടെ ഗ്ലൗ ആണുള്ളത്. അന്നത്തെ സംഭവം വീണ്ടും ഓര്‍ക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ അഫ്സാന്‍ രാജ്യത്തിന് അഭിമാനം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന ആഗ്രഹവും മറച്ച് വയ്ക്കുന്നില്ല. കല്ലെറിഞ്ഞ പെണ്‍കുട്ടിയെന്നതിനേക്കാള്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ പെണ്‍കുട്ടിയെന്ന് അറിയപ്പെടാനാണ് താല്‍പര്യമെന്ന് അഫ്സാന്‍ ആഷിഖ് പ്രതികരിച്ചു. 

ജമ്മു കശ്മീരിന്റെ വനിതാ ഫുട്ബോള്‍ ടീമുമായി അഫ്സാന്‍ ഇന്നലെയാണ് രാജ്യ തലസ്ഥാനത്ത് എത്തിയത്. സംസ്ഥാനത്ത് കായിക മേഖലയിലെ അടിസ്ഥാന വികസനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കുന്നതിലെ പരാധീനതകള്‍ ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിങിനെ അഫ്സാന്റെ നേതൃത്വത്തിലെ ടീമംഗങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ കായിക മേഖലയുടെ അടിസ്ഥാന വികസനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് രാജ്‍നാഥ് സിങ് ഉറപ്പ് നല്‍കി. 

പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടില്‍ നിന്ന് 100 കോടി രൂപയുടെ വികസനം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ടീമംഗങ്ങള്‍ പ്രതികരിച്ചു. സംസ്ഥാനത്തെ യുവജനങ്ങള്‍ തീവ്രവാദത്തിലേയ്ക്ക് തിരിയുന്നത് കായിക മേഖലയുടെ വികസനത്തിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്.