ഗ്രീസ്മാന്‍ ബാഴ്സയിലേക്കെന്ന് വ്യക്തമായ സൂചന നല്‍കി സുവാരസ്

ബാഴ്‌സലോണ: അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ ഫ്രഞ്ച് സ്‌‌ട്രൈക്കര്‍ അന്‍റോണിയോ ഗ്രീസ്മാന്‍ ബാഴ്സലോണയിലേക്കെന്ന സൂചന നല്‍കി സുവാരസ്. റേഡിയോ റിങ്കോണിന് നല്‍കിയ അഭിമുഖത്തിലാണ് ബാഴ്സ താരത്തിന്‍റെ വെളിപ്പെടുത്തല്‍. ഗ്രീസ്മാനെ ചുറ്റിപ്പറ്റി ഏറെക്കാലമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍ക്കാണ് ഇതോടെ കൂടുതല്‍ ചൂടുപിടിക്കുന്നത്. ഗ്രീസ്മാന് 2022 വരെ അത്‌ലറ്റ്ക്കോയുമായി ദീര്‍ഘ കരാറുണ്ട്. 

ലോകത്തെ മികച്ച താരങ്ങളെ ബാഴ്സലോണ കൂടാരത്തില്‍ എത്തിക്കുന്നതില്‍ സന്തോഷമുണ്ട്. ടീമില്‍ ആരുടെയും ഇടം അപഹരിക്കാനല്ല, ലോകത്തിലെ മികച്ച ക്ലബിനായി വലിയ സംഭാവനകള്‍ ചെയ്യാന്‍ ആഗ്രഹിച്ചാണ് ഗ്രീസ്മാന്‍റെ വരവ്- സുവാരസ് കൂട്ടിച്ചേര്‍ത്തു. ഈ സമ്മറില്‍ തന്നെ ഗ്രീസ്മാനെ ബാഴ്സ ടീമിലെത്തിക്കുമെന്നാണ് സ്‌പാനീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നേരത്തെ ഗ്രീസ്മാനെ ബാഴ്സ അധികൃതര്‍ സന്ദര്‍ശിച്ചത് വലിയ വിവാദമായിരുന്നു. ഇതില്‍ അത്‌റ്റിക്കോ മാനേജ്മെന്‍റ് പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ബാഴ്സയ്ക്ക് മാപ്പ് പറയേണ്ടിവന്നിരുന്നു. അതേസമയം തകര്‍പ്പന്‍ ഫോമില്‍ സീസണില്‍ 27 ഗോളുകള്‍ നേടിയ താരത്തെ വിട്ടുകൊടുക്കാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് തയ്യാറാവുമോ എന്ന് കണ്ടറിയാം.