സുബ്രമണ്യന്‍ ബദ്രീനാഥ് വിരമിക്കുന്നു
ചെന്നൈ: വെറ്ററന് ഇന്ത്യന് താരം സുബ്രമണ്യന് ബദ്രീനാഥ് സജീവ ക്രിക്കറ്റിനോട് വിടപറയുന്നതായി റിപ്പോര്ട്ട്. ഐപിഎല് പതിനൊന്നാം സീസണ് അവസാനത്തോടെ താരം വിരമിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്തു. ഐപിഎല് 11-ാം സീസണില് കമന്റേറ്ററാണ് ബദ്രീനാഥ്. ഇന്ത്യക്കായി രണ്ട് ടെസ്റ്റും ഏഴ് ഏകദിനങ്ങളും കളിച്ചിട്ടുള്ള താരം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായാണ് അറിയപ്പെടുന്നത്.
രഞ്ജി ട്രോഫിയില് തമിഴ്നാടിന്റെ റണ്മെഷീനാണ് 37കാരനായ ബദ്രീനാഥ്. 145 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില് 54.49 ശരാശരിയില് 10245 റണ്സ് ബദ്രീനാഥ് സ്കോര് ചെയ്തിട്ടുണ്ട്. 144 ലിസ്റ്റ് എ മത്സരങ്ങളില് നിന്ന് 36.84 ശരാശരിയില് 4164 റണ്സും അടിച്ചെടുത്തു. എന്നാല് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റില് തുടരാനായില്ല. 2008ല് ശ്രീലങ്കയ്ക്കെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച താരം ഏഴ് മത്സരങ്ങളില് 15.8 ശരാശരിയില് 79 റണ്സ് മാത്രമാണ് നേടിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2010ല് ടെസ്റ്റ് ക്യാപ്പ് കിട്ടിയെങ്കിലും താരത്തിന് അവിടെയും മികവ് കാട്ടാനായില്ല. രണ്ട് മത്സരങ്ങള് മാത്രമായൊതുങ്ങിയ ടെസ്റ്റ് കരിയറില് ആകെ 63 റണ്സ് മാത്രമാണ് നേടാനായത്. ഐപിഎല്ലില് 95 മത്സരങ്ങള് കളിച്ചപ്പോള് 30.66 ശരാശരിയില് 1441 റണ്സ് നേടി. ചെന്നൈ സൂപ്പര് കിംഗ്സ് കുപ്പായത്തിലാണ് ബദ്രീനാഥ് കൂടിതല് ശ്രദ്ധിക്കപ്പെട്ടത്. ആദ്യ അഞ്ച് സീസണുകളില് ചെന്നൈ സൂപ്പര് കിംഗ്സിന്റെ മധ്യനിര താരമായിരുന്നു.
