ഇന്ത്യ- കെനിയ മത്സരത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു
മുംബൈ: ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യയുടെ കളികാണാൻ ഗാലറിയിലെത്തണമെന്ന നായകന് സുനിൽ ഛേത്രിയുടെ അഭ്യർഥന ഫലിച്ചു. രാത്രി എട്ടിന് നടക്കുന്ന ഇന്ത്യ- കെനിയ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. ഇന്ത്യയുടെ ആദ്യ കളി കാണാൻ 2569 പേരാണ് മുംബൈ അറീനയിൽ എത്തിയത്. ഇതിന് പിന്നാലെയാണ് ഛേത്രി സോഷ്യൽ മീഡിയയിലൂടെ കളി കാണാൻ എത്തണമെന്ന് അഭ്യർഥിച്ചത്.
ഛേത്രിക്ക് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും സച്ചിൻ ടെൻഡുൽക്കറും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യന് ടീമിന് പിന്തുണയുമായി ആരാധകര് രംഗത്തെത്തിയത്. ഇന്ത്യൻ നായകന് സുനിൽ ഛേത്രിയുടെ 100-ാം രാജ്യാന്തര മത്സരമാണിത്. സെഞ്ച്വറിത്തിളക്കത്തിലേക്ക് ഇറങ്ങുന്ന നായകന് വിജയത്തിളക്കം നൽകാനാകും സഹതാരങ്ങളുടെയും സ്റ്റേഡിയത്തില് നിറഞ്ഞുകവിയുന്ന ആരാധകരുടെയും ശ്രമം.
