ദില്ലി: ഈ സീസണിലെ ഐ ലീഗ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സുനില്‍ ഛേത്രിയാണ് മികച്ച താരം. മലയാളി താരം അനസ് എടത്തൊടിക മികച്ച പ്രതിരോധ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലീഗില്‍ ഏഴ് ഗോളടിച്ച് ബംഗലൂരൂ എഫ്‌സിയെ നാലാം സ്ഥാനത്തെത്തിച്ച പ്രകടനമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ സുനില്‍ ഛേത്രിയെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

15 കളിയില്‍ ഏഴ് ഗോള്‍ നേടിയ മലയാളി താരം സികെ വിനീത് ഇന്ത്യന്‍ ടോപ് സ്കോററായി. ഐ ലീഗിലെ പത്ത് ടീമുകളുടെ ക്യാപ്റ്റന്‍മാരും പരിശീലകരും വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഐസ്വാള്‍ എഫ് സിയെ അവിശ്വസനീയ കുതിപ്പിലൂടെ കിരീടത്തിലെത്തിച്ച ഖാലിജ് ജമീലാണ് മികച്ച പരിശീലകന്‍.

ഇക്കൊല്ലം രാജ്യാന്തര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച മോഹന്‍ ബഗാന്റെ മലയാളി താരം അനസ് എടത്തൊടികയാണ് മികച്ച പ്രതിരോധ താരം. ജര്‍ണെയ്ല്‍സിംഗ് പുരസ്കാരമാണ് അനസിന് കിട്ടുക. എട്ട് കളികളില്‍ ഗോള്‍ വഴങ്ങാതിരുന്നു ബഗാന്റെ ദേബ്ജിത് മജുംദാറാണ് മികച്ച ഗോളി. ഐസ്വാളിന്റെ ആല്‍ഫ്രഡ് മധ്യനിര താരമായും 11 ഗോള്‍ നേടിയ ഷില്ലോംഗ് ലജോംഗിന്റെ ദിപാന്‍ഡ ഡിക്ക സ്ട്രൈക്കറായും തെരഞ്ഞെടുക്കപ്പെട്ടു.

ഡി എസ് കെ ശിവാജിയന്‍സിന്‍റെ ജെറി ലാല്‍റിന്‍സുവാലയാണ് യുവതാരം. ഫെയര്‍പ്ലേ പുരസ്കാരം ച‍‍ര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയും മികച്ച സംഘാടകര്‍ക്കുള്ള പുരസ്കാരം ഡി എസ് കെ ശിവാജിയന്‍സും സ്വന്തമാക്കി.