ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ആര്‍ അശ്വിനെയും ഹര്‍ദ്ദീക് പാണ്ഡ്യയെയും ഇന്ത്യ കളിപ്പിക്കണമെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ടെസ്റ്റില്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള രണ്ടുപേരും ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് കൂട്ടാനും മുതല്‍ക്കൂട്ടാവുമെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ആര്‍ അശ്വിനെയും ഹര്‍ദ്ദീക് പാണ്ഡ്യയെയും ഇന്ത്യ കളിപ്പിക്കണമെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ടെസ്റ്റില്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള രണ്ടുപേരും ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് കൂട്ടാനും മുതല്‍ക്കൂട്ടാവുമെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്ക് തന്നെ കളിക്കുമെന്നുറപ്പാണ്. അങ്ങനെവന്നാല്‍ കാര്‍ത്തിക് ആറാമതും അശ്വിനും പാണ്ഡ്യയും തുടര്‍ന്നുള്ള സ്ഥാനങ്ങളിലും ഇറങ്ങണം. രവീന്ദ്ര ജഡേജക്ക് പകരം കുല്‍ദീപ് യാദവിനെ ഇന്ത്യ രണ്ടാം സ്പിന്നറായി കളിപ്പിക്കണമെന്നും ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണെന്നും ഗവാസ്കര്‍ പറഞ്ഞു. ആദ്യ ടെസ്റ്റിന്റെ ഫലമായിരിക്കും പരമ്പരയുടെ ഗതിനിര്‍ണയിക്കുക. അതിനാല്‍ ടീം കോംബിനേഷന്‍ എങ്ങനെ ആവണമെന്നതിനെക്കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്റ് തലപുകയ്ക്കേണ്ടിവരുമെന്നും ഗവാസ്കര്‍ പറഞ്ഞു.

ബുധനാഴ്ചയാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ്. ഇംഗ്ലണ്ട് ടീമിന്റെ ആയിരാമത്തെ ടെസ്റ്റ് കൂടിയാണിത്.