സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാനാണ് സെഞ്ചൂറിയനില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. ആദ്യ ടി20 ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ബാറ്റിംഗില്‍ ധവാനും ബൗളിംഗില്‍ ഭുവനേശ്വറും തിളങ്ങിയതാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിജയിപ്പിച്ചത്. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് മത്സരത്തില്‍ ഭുവി പിഴുതത്.
എന്നാല്‍ രണ്ടാം ടി20യ്ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ഭുവിയിലല്ല. സ്‌പിന്നിന് അനുകൂലമായ സെഞ്ചൂറിയന്‍ പിച്ചില്‍ സ്‌പിന്‍ സെന്‍സേഷന്‍ യുസ്‌വേന്ദ്ര ചഹലാകും ഇന്ത്യയുടെ തുറുപ്പുചീട്ട് എന്ന് പ്രവചിക്കുകയാണ് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മികച്ച ഫോം തുടരുന്ന ചഹലിന് അനുകൂലമാകും സെഞ്ചൂറിയനിലെ സാഹചര്യങ്ങളെന്ന് ഗവാസ്കര്‍ പറയുന്നു. ആദ്യ ടി20യില്‍ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് ചഹല്‍ പിഴുതിരുന്നു.
