സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 178 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്‌ത മുംബൈ ഇന്ത്യന്‍സ് 16.3 ഓവറില്‍ 92 റണ്‍സിന് പുറത്താകുകയായിരുന്നു. മൂന്നു വിക്കറ്റ് വീതമെടുത്ത ആശിഷ് നെഹ്‌റയും മുസ്‌താഫിസുര്‍ റഹ്‌മാനും രണ്ടു വിക്കറ്റെടുത്ത ബരിന്ദര്‍ സ്രാനും ചേര്‍ന്നാണ് മുംബൈയുടെ കഥ കഴിച്ചത്. പുറത്താകാതെ 21 റണ്‍സെടുത്ത ഹര്‍ഭജന്‍ സിങാണ് മുംബൈ ഇന്ത്യന്‍സിന്റെ ടോപ്‌സ്‌കോറര്‍. ഹര്‍ഭജനെ കൂടാതെ ഹര്‍ദ്ദിക് പാണ്ഡ്യ(17), കെയ്‌റോണ്‍ പൊള്ളാര്‍ഡ്(11) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കണ്ടത്. രോഹിത് ശര്‍മ്മ അഞ്ചു റണ്‍സും അമ്പാട്ടി റായിഡു ആറു റണ്‍സും ജോസ് ബട്ട്‌ലര്‍ രണ്ടു റണ്‍സുമെടുത്ത് പുറത്തായി. മൂന്നോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മുംബൈയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ വീഴ്‌ത്തിയ ആശിഷ് നെഹ്‌റയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ മൂന്നിന് 177 & മുംബൈ ഇന്ത്യന്‍സ് 16.3 ഓവറില്‍ 92 റണ്‍സിന് പുറത്ത്

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന സണ്‍റൈസേഴ്‌സിന് പതിവുപോലെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ശിഖര്‍ ധവാന്‍ 82 റണ്‍സും ഡേവിഡ് വാര്‍ണര്‍ 48 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 9.5 ഓവറില്‍ 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച യുവരാജ്‌ സിങ് റണ്‍ നിരക്ക് ഉയര്‍ത്തുന്നതില്‍ മികച്ച സംഭാവനയാണ് നല്‍കിയത്. 23 പന്തില്‍ രണ്ടു സിക്‌സറിന്റെയും മൂന്നു ബൗണ്ടറികളുടെയും അകമ്പടിയോടെയാണ് യുവി 39 റണ്‍സ് നേടിയത്.

ഈ തോല്‍വിയോടെ 10 കളികളില്‍ 10 പോയിന്റ് മാത്രമുള്ള മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.