ബിസിസിഐക്കൊണ്ട് ലോധസമിതി റിപ്പോര്‍ട്ട് നടപ്പിലാക്കിപ്പിക്കാന്‍ അറിയാമെന്ന് സുപ്രീംകോടതിയുടെ താക്കീത്. ബിസിസിഐ ചക്രവര്‍ത്തിയെപോലെയാണ് പെരുമാറുന്നതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
ലോധസമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കത്ത ബിസിസിഐയുടെ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളെ മാറ്റണമെന്നാവശ്യപ്പെട്ടാണ് ലോധസമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് ബിസിസിഐയെ സുപ്രീംകോടതി വിമര്‍ശിച്ചത്. ബിസിസിഐ ചക്രവര്‍ത്തിയെ പോലെ പെരുമാറുന്നുവെന്ന് പറഞ്ഞ കോടതി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അറിയാമെന്നും വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെകുറിച്ച് അടുത്തമാസം ആറിനകം വിശദീകരണം നല്‍കണമെന്നും കോടതി ബിസിസിയോട് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഐപിഎല്‍ കോഴക്കേസിനെ തുടര്‍ന്ന് ക്രിക്കറ്റ് ഭരണരംഗത്തെ പരിഷ്കരണത്തിനാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ സമിതിയെ നിയമിച്ചത്. ബിസിസിഐ ഭാരവാഹികള്‍ക്ക് പ്രായപരിധി, ഒരു സംസ്ഥാനത്തിന് ഒരുവോട്ട്, തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സമിതി റിപ്പോര്‍ട്ടിലുള്ളത്.
റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ 6 മാസത്തെ സമയം ബിസിസിഐക്ക് സുപ്രീംകോടതി നല്‍കിയിരുന്നു. എന്നാല്‍ സമിതി നിര്‍ദേശങ്ങള്‍ ലംഘിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയെ നിയമിച്ചതിനെതുടര്‍ന്നാണ് ബിസിസിഐക്കെതിരെ ലോധസമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയെ മൂന്നായി ചുരുക്കണമെന്ന ലോധസമിതി നിര്‍ദ്ദേശമാണ് ബിസിസിഐ നടപ്പിലാക്കാതിരുന്നത്. 30 ആണ് ഭരണഘടനാഭേദഗതിക്ക് ലോധസമിതി ബിസിസിഐക്ക് നല്‍കിയിരിക്കുന്ന അവസാന തീയതി. ഡിസംബര്‍ 15നകം പ്രവര്‍ത്തകസമിതിക്ക് പകരം ഒമ്പതംഗ ഉന്നതാധികാരസമിതി രൂപീകരിക്കണമെന്നുമാണ് ലോധ സമിതി നിര്‍ദ്ദേശം.
