ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്ന് കരുതിയ സുരേഷ് റെയ്നയെ തഴയാനുള്ള കരാണം കായികക്ഷമത ഇല്ലാത്തതാണെന്ന് റിപ്പോര്‍ട്ട്. സുരേഷ് റെയ്ന ട്വന്റി-20 ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. റെയ്നയെപ്പോലെ ട്വന്റി-20യില്‍ മികച്ച റെക്കോര്‍ഡുള്ള അമിത് മിശ്രയ്ക്കും ടീമിലെത്തുന്നതില്‍ തടസമായത് കായികക്ഷമത തന്നെയാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കളിക്കാരുടെ കായികക്ഷമതയുടെ കാര്യത്തില്‍ കര്‍ശന നിലപാടാണ് ടീം മാനേജ്മെന്റ് സ്വീകരിക്കുന്നത്. പ്രത്യേകിച്ച് വിരാട് കോലി ക്യാപ്റ്റനായ ശേഷം. ന്യൂസിലന്‍ഡ് എയ്ക്കെതിരായ മത്സരത്തിനിടെ ഇരുവരുടെയും കായികക്ഷമതാ പരിശോധന ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്നിരുന്നു. ഇതില്‍ ഇരുവരും പരാജയപ്പെടുകയും ചെയ്തു.

ദേശീയ ടീമില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നാലുമാസമായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഠിന പരിശീലനത്തിലായിരുന്നു മിശ്ര. എന്നിട്ടും കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു. ടീമിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്ന റെ്യനയുടെയും വഴി തടഞ്ഞത് കായികക്ഷമതിയില്ലായ്മയാണ്. അതേസമയം, ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ 17കാരന്‍ തമിഴ്നാടിന്റെ വാഷിംഗ്ടണ്‍ സുന്ദറിനും കായികക്ഷമതാ പരിശോധനയില്‍ വിജയിക്കാനായില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.