ദില്ലി: വിവാഹശേഷം ക്രിക്കറ്റില്‍ നിന്നകന്നു എന്ന ആരോപണത്തിന് മറുപടിയുമായിസുരേഷ് റെയ്ന രംഗത്ത്. മകളുടെ അസുഖവും അതു ഉണ്ടാക്കി ആശുപത്രി വാസവുമാണ് തന്നെ ഫാമിലി മാന്‍ ആക്കിയതെന്നും ജനങ്ങള്‍ അനാവശ്യമായി തനിക്കെതിരെ ആരോപണം ഉയര്‍ത്തുകയാണെന്നും റെയ്‌ന പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് റെയ്‌ന മനസ്സ് തുറന്നത്.
ജനങ്ങള്‍ക്ക് എന്തെങ്കിലുമെല്ലാം സംസാരിക്കണം, ഞാന്‍ എന്‍റെ മകളോടൊപ്പം ആശുപത്രിയിലായിരുന്നു, എനിക്ക് വീട്ടില്‍ ധാരാളം ജോലിയുണ്ടായിരുന്നു, അതിനാല്‍ തന്നെ ജനങ്ങള്‍ എന്നെ എന്തിനാണ് വിമര്‍ശിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല, പുറത്ത് നിന്നും ഒന്നുമറിയാതെ എന്നെ വിമര്‍ശിക്കുകയാണ് റെയ്ന പറയുന്നു.
നേരത്തെ ഇന്ത്യന്‍ താരങ്ങളുടെ കരാറില്‍ നിന്നും പുറത്തായതിന് പിന്നാലെ സുരേഷ് റെയ്നയ്ക്കെതിരെ വന്‍വിമര്‍ശനവുമായി രഞ്ജി ട്രോഫിയിലെ യുപി കോച്ച് റിസ്വാൻ ശംഷാദ് രംഗത്ത് എത്തിയിരുന്നു. വിവാഹ ശേഷം റെയ്നയുടെ, ക്രിക്കറ്റിനോടുള്ള സമീപനത്തിൽ മാറ്റങ്ങൾ വന്നുവെന്നും അദ്ദേഹത്തിനിപ്പോൾ, ക്രിക്കറ്റ് വേണ്ട കുടുംബം മാത്രം മതി എന്ന അവസ്ഥയിലായി എന്നും റിസ്വാൻ പറഞ്ഞത്.സുരേഷ് റെയ്നയെ ബിസിസിഐയുടെ കരാറിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് യു.പി കോച്ചിന്‍റെ വെളിപ്പെടുത്തല്‍.
ഇന്ത്യയ്ക്കായി 233 ഏകദിനവും 65 ടി20യും കളിച്ചിട്ടുളള താരമാണ് റെയ്ന. ഏകദിനത്തില്‍ 5568 റണ്‍സും ടി20യില്‍ 1307 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2015-16 കാലഘട്ടത്തില്‍ ബിസിസിഐയുമായി ബി ഗ്രേഡ് കരാറിലുളള താരമായിരുന്നു റെയ്ന. 2015 ഒക്ടോബറിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്. നിലവില്‍ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ് നായകനാണ് സുരേഷ് റെയ്‌ന.
