Asianet News MalayalamAsianet News Malayalam

'സുശീൽ കുമാറിനെ തൂക്കിലേറ്റണം, രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് അന്വേഷണത്തെ സ്വാധീനിച്ചേക്കും; സാഗറിന്റെ രക്ഷിതാക്കൾ

സുശീൽ കുമാർ നേടിയ മെഡലുകളെല്ലാം തിരിച്ചെടുക്കണമെന്നും അയാളെ മാ‍ർ​ഗദ‍ർശി എന്ന് വിളിക്കാനാവില്ലെന്നും സാ​ഗറിന്റെ രക്ഷിതാക്കൾ...

Sushil Kumar should be hanged sagar's parents
Author
Delhi, First Published May 24, 2021, 2:43 PM IST

ദില്ലി: ഗുസ്തി താരം സാഗർ കുമാറിനെ കൊന്ന കേസിൽ അറസ്റ്റിലായ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെ തൂക്കിലേറ്റണമെന്ന് സാഗറിന്റെ മാതാപിതാക്കൾ. സുശീൽ കുമാറിന്റെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് ഇയാൾ അന്വേഷണത്തെ സ്വാധീനിച്ചേക്കുമെന്ന ആശങ്കയും മാതാപിതാക്കൾ പങ്കുവച്ചു. 

സുശീൽ കുമാർ നേടിയ മെഡലുകളെല്ലാം തിരിച്ചെടുക്കണമെന്നും അയാളെ മാ‍ർ​ഗദ‍ർശി എന്ന് വിളിക്കാനാവില്ലെന്നും സാ​ഗറിന്റെ രക്ഷിതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചാബിൽ നിന്നാണ് സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ദില്ലി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്.

സംഭവത്തിനുശേഷം ഒളിവില്‍ പോയ സുശീൽ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ദില്ലി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ഒടുവിൽ പഞ്ചാബിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios