പാരീസ്: സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് പോളണ്ട് യൂറോ കപ്പ് ക്വാര്‍ട്ടറില്‍ കടന്നു. നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കായിരുന്നു പോളണ്ടിന്റെ ചരിത്ര വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോളണ്ടിന്റെ അഞ്ചു പേരും ലക്ഷ്യം കണ്ടപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗ്രാനിറ്റ് സാക പുറത്തേക്കടിച്ചു കളഞ്ഞു. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോള്‍ അടിച്ച് തുല്യത പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
സ്വിറ്റ്‌സര്‍ലന്‍ഡിനു വേണ്ടി സ്റ്റീഫന്‍ ലിഷ്സ്റ്റീനര്‍, ഷാഖിരി, ഫാബിയാന്‍ ഷാര്‍, റോഡ്രിഗസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ പോളണ്ടിനായി ലവന്‍ഡോസ്‌കി, അര്‍ക്കാഡിയൂസ് മിലിക്, കാമില്‍ ഗ്ലിക്, ബ്ലാസ്സികോവസ്‌കി, ക്രികോവിയാക് എന്നിവര്‍ ലക്ഷ്യം കണ്ടു.
താരതമ്യേന കരുത്തരായ പോളണ്ടിനെതിരെ സ്വിറ്റ്‌സര്‍ലന്‍ഡ് പൊരുതി തോല്‍ക്കുകയായിരുന്നു. പോളണ്ടിനായി കൂബ ബ്ലാസ്സികോവസ്‌കി ആദ്യം സ്വിസ് വലകുലുക്കി. പോസ്റ്റിന്റെ വലതുമൂലയില്‍നിന്നും കൂബ നിറയൊഴിക്കുകയായിരുന്നു. കളിയുടെ 39-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍ പോളണ്ടിന്റെ ഗോള്‍ മുഖത്ത് ആക്രമണം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.

ആദ്യപകുതിയില്‍ ഒരു ഗോളിന്റെ കടവുമായി വിശ്രമത്തിനുപോയ സ്വിസ് പട തിരിച്ചെത്തി തിരിച്ചടിച്ചു. 82-ാം മിനിറ്റിലായിരുന്നു പോളണ്ടിനെ ഞെട്ടിച്ച ഗോളെത്തിയത്. യൂറോയിലെ തന്നെ എക്കാലത്തെയും മികച്ച ഗോളെന്നു വിലയിരുത്താവുന്ന ഷെര്‍ദന്‍ ഷാഖിരിയുടെ എണ്ണം പറഞ്ഞ ബൈസിക്കിള്‍ കിക്ക്. പോളണ്ട് പോസ്റ്റിന്റെ വലതു മൂലയില്‍ തുളച്ചു കയറി.
