സിഡ്‌നി: സിഡ്‌നി ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് നെറ്റ്‌സില്‍ പരിശീലനം നടത്തി. നെറ്റ്സില്‍ പന്തെറിയാന്‍ രണ്ട് അതിഥികളുമുണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ ക്ലബ് ക്രിക്കറ്റ് കളിക്കുന്ന പാക്ക് പേസര്‍മാരായ സല്‍മാന്‍ ഇര്‍ഷാദും ഹാരിസ് റൗഫുമാണ് കോലിയടക്കമുള്ള താരങ്ങള്‍ക്കെതിരെ പന്തെറിഞ്ഞത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീമായ ലാഹോര്‍ ക്വലാന്‍ഡേ‌ഴ്‌സിന്‍റെ താരങ്ങളാണ് സല്‍മാനും ഹാരിസും. സിഡ്നി ടെസ്റ്റിന് മുന്‍പ് പേസര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ടീമിന് ലഭിച്ച അപ്രതീക്ഷിത പരീക്ഷയായി ഇത്. നാളെ അവസാന ടെസ്റ്റ് ആരംഭിക്കാനിരിക്കേ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.