ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മണിപ്പൂരിനെതിരെ കേരളത്തിന് 84 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തപ്പോള്‍ മണിപ്പൂരിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ടോസ് നേടി ക്രീസിലിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 16 റണ്‍സെത്തിയപ്പോഴേക്കും കേരളത്തിന് അരുണ്‍ കാര്‍ത്തിക്കിന്റെയും(1), രോഹന്‍ പ്രേമിന്റെയും(0) വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ വിഷ്ണു വിനോദും(20 പന്തില്‍ 34), ഡാരില്‍ എസ് ഫെറാരിയോ(19 പന്തില്‍ 22)യും ചേര്‍ന്ന് കേരളത്തെ 40 റണ്‍സിലെത്തിച്ചു. വിഷ്ണു വിനോദിനെ നഷ്ടമായശേഷം ക്രീസിലിറങ്ങിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കടന്നാക്രമണമാണ് പിന്നീട് കേരളത്തിന്റെ സ്കോര്‍ ഉയര്‍ത്തിയത്. ഡാരില്‍ എസ് ഫെറാരിയോക്കൊപ്പം 50 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ സച്ചിന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ(26 പന്തില്‍ 47) കൂട്ടുപിടിച്ച് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചു.

മറുപടി ബാറ്റിംഗില്‍ മായങ്ക് രാഘവ്(32), യശ്പാല്‍ സിംഗ്(28 പന്തില്‍ 40) എന്നിവര്‍ക്ക് മാത്രമെ മണിപ്പൂരിനായി പൊരുതാനായുള്ളു. കേരളത്തിനായി ബേസില്‍ തമ്പി മൂന്നോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി  ഒരു വിക്കറ്റെടുത്തപ്പോള്‍ രോഹന്‍ പ്രേം മൂന്നോവറില്‍ ഏഴ് റണ്‍സിന് ഒരു വിക്കറ്റെടുത്തു. ജയത്തോടെ കേരളത്തിന് നാലു പോയന്റ് ലഭിച്ചു.