ഇംഗ്ലീഷ് താരം സ്ഥാപിച്ച ബാറ്റിംഗ് റെക്കോര്‍ഡ് തൊട്ടടുത്ത ദിവസം തകര്‍ത്ത് മറ്റൊരു ഇംഗ്ലണ്ട് താരത്തിന്‍റെ വീരഗാഥ. ടി10 ക്രിക്കറ്റ് ലീഗിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമയെന്ന നേട്ടത്തിലാണ്...

ഷാര്‍ജ: ടി10 ക്രിക്കറ്റ് ലീഗിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമയായി ഇംഗ്ലീഷ് താരം അലക്‌സ് ഹെയ്‌ല്‍സ്. ഇംഗ്ലീഷ് ടീമിലെ സഹതാരം ജോണി ബെയര്‍സ്റ്റോയുടെ റെക്കോര്‍ഡാണ് അലക്‌സ് പഴങ്കഥയാക്കിയത്. ഇന്നലെയായിരുന്നു ബെയര്‍സ്റ്റോ റെക്കോര്‍ഡ് സ്ഥാപിച്ചത്. 32 പന്തില്‍ 87 റണ്‍സ് ഹെയ്ല്‍സ് നേടി. സ്‌പിന്നര്‍ മുഹമ്മദ് നബിയുടെ ഒരോവറില്‍ 32 റണ്‍സും ഹെയ്‌ല്‍സ് അടിച്ചുകൂട്ടി. 

എട്ട് സിക്‌സുകള്‍ താരത്തിന്‍റെ ബാറ്റില്‍ നിന്ന് പറന്നു. ഹെയ്‌ല്‍സിന്‍റെ മികവില്‍ മറാത്ത അറേബ്യന്‍സ് ഏഴ് വിക്കറ്റിന് ബംഗാള്‍ ടൈഗേര്‍സിനെ തോല്‍പിച്ചു. കഴിഞ്ഞ ദിവസം ബംഗാള്‍ ടൈഗേര്‍സിനെതിരായ തന്നെ മത്സരത്തിലാണ് ബെയര്‍സ്റ്റോ 24 പന്തില്‍ 84 റണ്‍സെടുത്ത് റെക്കോര്‍ഡിട്ടത്. അഫ്‌ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് ഷെഹ്സാദാണ്(74) മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ.