സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മയുടെ മുഖ്യ എതിരാളി പേസര്‍ കഗിസോ റബാഡയായിരുന്നു. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ രോഹിതിനെ പവലിയനിലേക്ക് തിരികെയയച്ച് റബാഡ കരുത്തുകാട്ടി. റബാഡ ടീമിലില്ലാത്തതിനാല്‍ ടി20 പരമ്പരയില്‍ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് ജൂനിയര്‍ ഡലായാണ്. ടി20 കരിയറില്‍ തന്‍റെ ആദ്യ രണ്ട് മത്സരങ്ങളിലും രോഹിതിനെ ഡലായ്ക്ക് പുറത്താക്കാനായി.
ടി20യില്‍ ഇന്ത്യയ്ക്കെതിരായ പരമ്പരയിലാണ് ഡലാ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ ഒമ്പത് പന്തില്‍ 21 റണ്‍സെടുത്ത ഹിറ്റ്മാന്‍ ഡലായുടെ പന്തില്‍ ക്ലാസന്‍റെ കൈകളിലവസാനിച്ചു. രണ്ടാം ടി20യില്‍ അക്കൗണ്ട് തുറക്കും മുമ്പ് എല്‍ബിഡബ്ലുവില്‍ രോഹിത് ഗോള്‍ഡണ്‍ ഡക്കായി. ടി20 കരിയറിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഹിറ്റ്മാനെ പുറത്താക്കിയതോടെ രോഹിതിന്‍റെ ശക്തനായ എതിരാളിയായിരിക്കുകയാണ് ജൂനിയര്‍ ഡലാ.
