ഈഡന്‍ പാര്‍ക്ക്: ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്‍റില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഓസ്‌ട്രേലിയയ്ക്ക് കിരീടം. ഫൈനലില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 19 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഓസീസ് 14.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 121 റണ്‍സില്‍ നില്‍ക്കേ മഴ കളി തടസപ്പെടുത്തുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് ഗുപ്റ്റിലും മണ്‍റോയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. എന്നാല്‍ ഓപ്പണര്‍മാര്‍ പുറത്തായ ശേഷം ന്യൂസിലന്‍ഡ് കിതച്ചതോടെ സ്കോര്‍ 150ല്‍ ഒതുങ്ങി. ന്യൂസിലന്‍ഡിനായി ടെയ്‌ലര്‍ 43 റണ്‍സും മണ്‍റോ 29 റണ്‍സുമെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അള്‍ഗറും രണ്ട് വിക്കറ്റ് വീതം പിഴുത റിച്ചാര്‍ഡ്സണും ടൈയുമാണ് ന്യൂസിലന്‍ഡിന്‍റെ മോഹങ്ങള്‍ തകര്‍ത്തത്.

മറുപടി ബാറ്റിംഗില്‍ ഓസീസിന്‍റെ തുടക്കവും ശോഭനമായിരുന്നു. ബിഗ് ബാഷിലെ സൂപ്പര്‍ താരം ആര്‍സി ഷോട്ട് അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ ഓസീസ് അനായാസം വിജയത്തിലെത്തുമെന്ന് തോന്നിച്ചു. എന്നാല്‍ വാര്‍ണറും(25), ഷോര്‍ട്ടും(50), അഗറും(2) വീണതോടെ ന്യൂസിലന്‍ഡ് മത്സരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീതിയായി. അതേസമയം ഈഡന്‍ പാര്‍ക്കില്‍ മഴ പെയ്യുമ്പോള്‍ സുരക്ഷിത നിലയിലായിരുന്ന ഓസീസിനെ വിജയിയായി പ്രഖ്യാപിച്ചു. 

ഓസീസിനായി മാക്സ്‌വെലും(20), ആരോണ്‍ ഫിഞ്ചും(18) പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിനായി ഇഷ് സോധിയും മിച്ചല്‍ സാന്റ്‌നറും കോളിന്‍ മണ്‍റോയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.