വിക്കറ്റിന്റെ സ്വഭാവം അളക്കാൻ നിമിഷ നേരം മാത്രം ലഭിക്കുന്ന ട്വന്റി 20യില്‍ സഞ്ജുവിന്റെ ഗെയിം പ്ലാനുകള്‍ക്ക് വല്ലാത്തൊരു വേഗതയുണ്ടായിരുന്നു വാംഖഡയില്‍
ഇന്ത്യൻ ക്രിക്കറ്റിന്റെ വിശുദ്ധഭൂമിയായ വാംഖഡെ. അന്തരീക്ഷത്തിലും മണ്ണിലുമെല്ലാം ക്രിക്കറ്റ് അലിഞ്ഞുചേര്‍ന്ന ഇടം. സച്ചിൻ തെൻഡുല്‍ക്കറിനും എം എസ് ധോണിക്കും വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കുമൊക്കെ വേണ്ടി മാത്രം ശബ്ദമുയര്‍ത്തിയ ഗ്യാലറികള്‍. ആ മൈതാനത്തേക്ക് ഒൻപതാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് ഒരു മലയാളി താരം ചുവടുവെക്കുകയാണ്. ക്ഷീണമില്ലാത്ത തിരമാലകള്‍ പോലെ അവിടെ അവന്റെ പേര് ഉച്ഛരിക്കപ്പെടുന്നു...സഞ്ജു, സഞ്ജു വിശ്വനാഥ് സാംസണ്‍.
തന്റെ കരിയറിന് മുന്നില്‍ തെളിഞ്ഞ വെളിച്ചത്തെ ഒരിക്കല്‍ ഊതിക്കെടുത്തിയ ജോഫ്ര ആര്‍ച്ചര്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് കളം ഒരുങ്ങും മുൻപ് തന്നെ അപായ മുന്നറിയിപ്പുകള്‍ സഞ്ജുവിനെ തേടിയെത്തിയിരുന്നു. നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ആര്‍ച്ചറിന്റെ വേഗപന്തുകള്‍ ആ ബാറ്റിനെ മൃഗീയമായി ോനിശബ്ദമാക്കിയിട്ടേയുള്ളു. എല്ലാം പഴങ്കതകളാകുകയാണ്, ഈഡൻ ഗാര്‍ഡൻസില്‍ വീണ തീ വാംഖഡയില്‍ ആളിക്കത്തിക്കാനൊരുങ്ങിയായിരുന്നു വരവ്.
ആര്‍ച്ചറിന്റെ മൂന്നാം പന്ത്, ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലൊരു ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറി. ക്രോസ് ബാറ്റഡ് ഷോട്ടില്‍ നിന്ന് പന്ത് മിഡ് ഓണിന് മുകളിലൂടെ ബൗണ്ടറിവര കടക്കുന്നു. വീണ്ടും തേടിയെത്തി മറ്റൊരു ഷോര്‍ട്ട് ബോള്‍, ഇത്തവണ ആര്‍ച്ചറിന്റെ പേസിനെ ഉപയോഗിച്ചുകൊണ്ടൊരു പുള്‍ ഷോട്ട്, സിക്സ്. ഭൂതകാലം വേട്ടയാടപ്പെടുന്നതിന്റെ അടയാളങ്ങള്‍ അയാളുടെ ശരീരഭാഷയിലുണ്ടായിരുന്നില്ല അപ്പോള്‍. രണ്ട് ഷോട്ടുകളില്‍ സഞ്ജു പറഞ്ഞുവെച്ചു, I am here to dominate you എന്ന്.
മൂന്നാം ഓവറില്‍ ആർച്ചർ തിരിച്ചെത്തിയപ്പോള്‍ കണക്കുകള്‍ പറയുന്നത് കളിവാക്കല്ല എന്ന തോന്നിച്ചൊരു നിമിഷമുണ്ടായി. പക്ഷേ, കളിദൈവങ്ങള്‍ കണ്ണടച്ചു. ഹാരി ബ്രൂക്ക് നിങ്ങള്‍ എന്താണ് ചെയ്തതെന്ന ചോദ്യം ഇംഗ്ലീഷ് ആകാശത്തിന് കീഴില്‍ മുഴങ്ങുന്നുണ്ടായിരുന്നു അപ്പോള്‍. തന്റെ ബൗളര്‍മാരെ തീയിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു താനെന്ന് വൈകാതെ ബ്രൂക്കിന് മനസിലായി. തന്റെ പേസിന്റെ മുര്‍ച്ചയില്ലാതാക്കിയ സഞ്ജുവിന് ആര്‍ച്ചറിന്റെ വക ഒരു പേസ് ഓഫ് ഡെലിവെറി, ഒരു ബ്രൂട്ടല്‍ പുള്‍ വിത്ത് എ സ്വീറ്റ് സൗണ്ട്.
തന്റെ ബാറ്റില്‍ നിന്ന് മൂളിപ്പറന്ന പന്തിന്റെ ദിശപോലും നോക്കാൻ തുനിഞ്ഞില്ല സഞ്ജു. അത് എവിടെയാണ് വിശ്രമിക്കുക എന്നതില്‍ അയാള്‍ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. സച്ചിൻ തെൻഡുല്‍ക്കര്‍ സ്റ്റാൻഡ് കടന്ന് പന്ത് നിക്ഷേപിക്കപ്പെട്ടത് സെക്കൻഡ് ടയറില്‍. മാസിന്റെ സമയം കഴിഞ്ഞു, ഇനി ആര്‍ച്ചറിനൊരു ക്ലാസ് മറുപടി. ഫോര്‍ത്ത് സ്റ്റമ്പ് ലൈനിലൊരു യോര്‍ക്കര്‍, തന്റെ ബാറ്റിനെ പൊടുന്നെനെ നിലം തൊടീച്ചു സഞ്ജു, ഷോര്‍ട്ട് തേഡിനേയും ബാക്ക്‌വേഡ് പോയിന്റിനേയും കീറിമുറിച്ചൊരു ബൗണ്ടറി, എലഗന്റ്.
കമന്ററി ബോക്സിലിരുന്ന് രവി ശാസ്ത്രിയുടെ വാഴ്ത്തുപാട്ട് അവസാനിക്കും മുൻപ് വില്‍ ജാക്‌സിനെതിരെ ഒരു കട്ട് ഷോട്ട്. നിരാശപ്പെടരുത് അവസരം തേടിയെത്തും, കാത്തിരിക്കുക എന്ന് സഞ്ജുവിന്റെ കാതുകളില്‍ ഓതിയ സാക്ഷാല്‍ രോഹിത് ശര്‍മ കയ്യടിക്കുന്നുണ്ടായിരുന്നു വിഐപി ബോക്‌സിലിരുന്ന്. വിക്കറ്റിന്റെ സ്വഭാവം അളക്കാൻ നിമിഷ നേരം മാത്രം ലഭിക്കുന്ന ട്വന്റി 20യില്‍ സഞ്ജുവിന്റെ ഗെയിം പ്ലാനുകള്‍ക്ക് വല്ലാത്തൊരു വേഗതയുണ്ടായിരുന്നു വാംഖഡയില്‍.
പേസ് ഓഫ് ഡെലിവെറികള്‍ക്കൊണ്ട് ടൂര്‍ണമെന്റിലുടനീളം ബാറ്റര്‍മാരെ കുഴക്കിയ സാം കറൻ. സഞ്ജുവിനായും കരുതിവെച്ചു അങ്ങനൊന്ന്. മണിക്കൂറില്‍ 82 കിലോമീറ്റര്‍ മാത്രം വേഗതയുള്ളൊരു പന്ത്. സഞ്ജുവിന്റെ പിഴവിനായി മിഡ് ഓണില്‍ ബ്രൂക്ക് ഒരുങ്ങിനിന്നു. എന്നാല്‍, സഞ്ജു ആ പന്ത് ബാറ്റിലേക്ക് എത്തുന്നതു വരെ കാത്തിരുന്നു, അല്‍പ്പമധികസമയം തന്നെ. മിഡ് ഓണിന് മുകളിലൂടെ ഒരു ലോഫ്റ്റഡ് ഷോട്ട്, ബൗണ്ടറി. തന്ത്രം പാളിയതിന്റെ എല്ലാ ജാള്യതയും ബ്രൂക്കിന്റെ മുഖത്തുണ്ടായിരുന്നു.
പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 67-1. സഞ്ജു 20 പന്തില്‍ 41 റണ്‍സ്. അഭിഷേക് ശര്‍മയുടെ അഭാവം ഒരു തരിപോലും അറിഞ്ഞിട്ടില്ല വാംഖഡെ. ആദില്‍ റഷീദിനെ വരവേറ്റത് കവറിലൂടെ ബൗണ്ടറി നേടി. സഞ്ജുവിന്റെ ഫൂട്ട് വര്‍ക്കുകളെ നിരന്തരം വിമര്‍ശിക്കുന്ന സുനില്‍ ഗവാസ്ക്കര്‍ തന്റെ വാക്കുകള്‍ തിരുത്തുകയാണിവിടെ. ഡോവ്‌സണ്‍ന്റെ ടോസ്‍ഡ് അപ്പ് ഡെലിവെറിയില്‍ ഒരു ഇൻസൈഡ് ഔട്ട് ലോഫ്റ്റഡ് ഡ്രൈവ്, ആൻ ഐ പ്ലീസിങ് വണ്‍, 26 പന്തില്‍ അര്‍ദ്ധ സെഞ്ചുറി.
സാം കറണും ആദില്‍ റഷീദിനും ജേമി ഓവര്‍ട്ടണുമൊന്നും സഞ്ജുവിന്റെ ബാറ്റിനെ മറികടക്കാനായില്ല. ഈഡനിലെ രക്ഷകൻ വാംഖഡയിലും അതേ കുപ്പായം അണിയുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ മൂന്നാം വട്ടം മുന്നിലെത്തിയപ്പോഴും ദയകാണിച്ചില്ല. ബാക്ക് വേഡ് പോയിന്റിലേക്കും ലോങ് ഓഫിലേക്കും സിക്‌സറുകള്‍. ആര്‍ച്ചറിന്റെ 14 പന്തുകളായിരുന്നു വാംഖഡയില്‍ സഞ്ജു നേരിട്ടത്, സ്കോര്‍ ചെയ്തത് 38 റണ്‍സ്. നാല് സിക്സും മൂന്ന് ഫോറും. ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ വഴങ്ങുന്ന ബൗളറായി മാറി ആര്‍ച്ചര്‍, ഏഴെണ്ണം, നാലും സഞ്ജുവിന്റ സംഭാവന.
സെമിക്ക് മുൻപ് ആര്‍ച്ചറിനെതിരെ നേരിട്ട 23 പന്തില്‍ 25 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായിട്ടുള്ളതെന്ന് ഓര്‍ക്കണം, മൂന്ന് തവണ പുറത്തുമായി. ആ കണക്കുപുസ്തകം ഇനി അടച്ചുവെക്കാം.
13-ാം ഓവര്‍ അവസാനിക്കുമ്പോള്‍ സെഞ്ചുറിയിലേക്കുള്ള ദൂരം കേവലം 11 റണ്‍സ് മാത്രമാണ്. ഇനിയും ഏഴ് ഓവറുകള്‍ അപ്പോഴും ബാക്കിയുണ്ട്. അതിനുള്ള അവസരവും സമയവുമെല്ലാം മുന്നില്‍ അവശേഷിക്കുന്നു. മൂന്നക്കം തൊട്ടാല്‍ സുരേഷ് റെയ്നയ്ക്ക് ശേഷം ടി20 ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാകാം. പക്ഷേ, ആ 11 റണ്‍സിനേക്കാള്‍ ടീമിന് അയാള്‍ മുൻഗണന നല്‍കാൻ തിരുമാനമെടുത്തു.
വില്‍ ജാക്ക്‌സിന്റെ പന്തില്‍ കൂറ്റനടിക്കുള്ള ശ്രമം ഫില്‍ സാള്‍ട്ടിന്റെ കൈകളില്‍ സ്വീപ്പര്‍ കവറില്‍ അവസാനിക്കുകയാണ്. 42 പന്തില്‍ 89 റണ്‍സ്, എട്ട് ഫോറും ഏഴ് സിക്സും, സ്ട്രൈക്ക് റേറ്റ് 212. എ സെല്‍ഫ്‌ലെസ് ഇന്നിങ്സ്.
കമന്ററി ബോക്സില്‍ ഇരുന്ന് ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു. ഒരു ഹീറോയ്ക്കുള്ള ആദരം അയാള്‍ അര്‍ഹിക്കുന്നു. ആ വലിയ സ്കോറിനായി അയാള്‍ക്ക് മുന്നില്‍ അവസരമുണ്ടായിരുന്നു. പക്ഷേ, അയാളുടെ ചിന്തകളില്‍ ടീമിന്റെ താല്‍പ്പര്യങ്ങള്‍ മാത്രമായിരുന്നു. സഞ്ജു സാംസണ്‍, നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ. രോഹിത് ശര്‍മ സാക്ഷി, എം എസ് ധോണി സാക്ഷി, സുനില്‍ ഗവാസ്ക്കര്‍ സാക്ഷി, രവി ശാസ്ത്രി സാക്ഷി, ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയില്‍ അയാള്‍, സഞ്ജു സാംസണ്‍. വാംഖഡയിലെ ഗ്യാലറികളും ഇന്ത്യൻ ഡഗൗട്ടും സഞ്ജുവിന് അര്‍ഹിച്ചതെല്ലാം നല്‍കിയായിരുന്നു വരവേറ്റത്. ഇതിഹാസങ്ങളും വിണ്ണിലെ താരങ്ങളുമെല്ലാം അണിനിരന്ന വാംഖഡയില്‍ സഞ്ജുവിനോളം തിളക്കം അപ്പോള്‍ മറ്റാര്‍ക്കുമുണ്ടായിരുന്നില്ല.
അവിടം കൊണ്ട് അവസാനിച്ചില്ല, ജേക്കബ് ബെഥല്‍ തല്ലിച്ചതച്ച വരുണിന് ആത്മവിശ്വാസം നല്‍കി ജോസ് ബട്ട്ലറിന്റെ സ്റ്റമ്പുകള്‍ നിലം പതിപ്പിച്ചു. ബഥലിന്റെ നിര്‍ണായകമായ റണ്ണൗട്ടില്‍ സഞ്ജുവിന്റെ കൈകള്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. എല്ലാത്തിനും ഉപരിയായി തനിക്ക് ലഭിച്ച മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരത്തിന് അര്‍ഹൻ തലമുറയില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന അത്ഭുതമായ ജസ്പ്രിത് ബുമ്രയാണെന്ന് പറഞ്ഞു. ബുമ്രയില്ലായിരുന്നെങ്കില്‍ തനിക്ക് ഈ പുരസ്ക്കാരം വാങ്ങാൻ സാധിക്കുകയില്ലായിരുന്നുവെന്ന് ക്രിക്കറ്റ് ലോകത്തോട് പറയാൻ മടികാണിച്ചില്ല. സഞ്ജുവിന് മാത്രം സാധിക്കുന്ന ചിലത്.
ലോകകപ്പ് തുടങ്ങുമ്പോള്‍ കരിയര്‍ അവസാനിച്ചെന്ന് വിധികുറിക്കപ്പെട്ടു. വെസ്റ്റ് ഇൻഡീസിനെതിരെ വെര്‍ച്വല്‍ നോക്കൗട്ടില്‍ അപരാജിതൻ, 97 റണ്‍സ്. സെമി ഫൈനലില്‍ 89 റണ്‍സ്. നാല് കളികളില്‍ നിന്ന് 201 പ്രഹരശേഷിയില്‍ 232 റണ്‍സ്. ഇന്ത്യൻ ക്രിക്കറ്റില്‍ തന്റെ സിംഹാസനം അയാള്‍ ഉറപ്പിക്കുകയാണ്. ഡാര്‍ളിങ് ബോയ് ഫ്രം കേരള.
Powered by:



