പന്തെടുത്തവരുടെയെല്ലാം ശവപ്പറമ്പാകാൻ വാംഖഡെ വിധിക്കപ്പെട്ട ദിനം. അവിടെ ബുംറ തന്റെ സ്പെല്‍ അവസാനിപ്പിക്കുന്നത് നാല് ഓവറില്‍ കേവലം 33 റണ്‍സ് വഴങ്ങി ഒരുവിക്കറ്റുമായാണ്

വാംഖഡയുടെ ഗ്യാലറികളിലെ ആരവങ്ങളും ആവേശവുമെല്ലാം പതിയെ അണഞ്ഞുതുടങ്ങിയിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ഐതിഹാസിക നിമിഷങ്ങള്‍ക്ക് സാക്ഷ്യയായ മണ്ണില്‍ സമ്മര്‍ദം തളം കെട്ടി നിന്നു. ആരാധകരുടെ ഹൃദയമിടിപ്പിന്റെ വേഗത ഉയരുകയാണ്. സൂര്യകുമാര്‍ യാദവിന്റെ സംഘം ഉയര്‍ത്തിയ 254 റണ്‍സെന്ന കൊടുമുടി ഒരറ്റത്തുനിന്ന് കയറിത്തുടങ്ങിയ ജേക്കബ് ബെഥല്‍ ഉന്നതിയോട് അടുക്കുന്നു. 18 പന്തുകളും 45 റണ്‍സും, അതായിരുന്നു വ്യത്യാസം.

17-ാം ഓവർ അവസാനിക്കുമ്പോള്‍ സമാന സാഹചര്യത്തില്‍ ഇന്ത്യയേക്കാള്‍ നാല് റണ്‍സിന് മുന്നിലായിരുന്നു ഇംഗ്ലണ്ട്. കമന്ററി ബോക്‌‍സിലിരുന്ന് ഇംഗ്ലണ്ട് ഇതിഹാസം നാസർ ഹുസൈൻ പറഞ്ഞു. ഇന്ത്യയും ഇംഗ്ലണ്ടും സ്കോർ ചെയ്യുന്നത് ഒരേ വേഗത്തിലാണ്, എന്നാല്‍ ഇവിടെ ഒരു വ്യത്യാസമുണ്ട്. ഇന്ത്യക്കൊപ്പം ജസ്പ്രിത് ബുംറയുണ്ട്.

സൂര്യകുമാര്‍ യാദവ് പന്ത് ആ കൈകളിലേക്ക് കൈമാറുകയാണ്, 19-ാം ഓവറിലല്ല, 18-ാം ഓവറില്‍. പൊടുന്നനെ ഗ്യാലറി ഉണ‍ര്‍ന്നു. ഒരൊറ്റ ഓവറെ അയാള്‍ക്ക് അവശേഷിക്കുന്നുള്ളു. മത്സരത്തെ ഡിഫൈൻ ചെയ്യാൻ പോകുന്ന ആറ് പന്തുകള്‍. Here comes Jasprit GOAT Bumrah. തങ്ങളെ തേടിയെത്താൻ പോകുന്നത് എന്തായിരിക്കുമെന്ന് ഇംഗ്ലണ്ടിന് നിശ്ചയമുണ്ടായിരുന്നു. In the death overs, he becomes the death, the destroyer of batters.

സ്ട്രൈക്കില്‍ സാം കറണ്‍, മിഡില്‍ സ്റ്റമ്പിനെ ലക്ഷ്യമാക്കിയൊരു യോർക്കർ, ഡോട്ട്. പന്ത് കൈക്കലാക്കി കറണെ ബുംറയൊന്ന് നോക്കി. പിന്നാലെ ഒരു ടോ ക്രഷർ, ലോങ് ഓണിലേക്ക് സിംഗിള്‍ എടുത്ത് കറണ്‍ ബെഥലിന് സ്ട്രൈക്ക് കൈമാറി. അതുവരെ 223 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ബെഥലിന്റെ ബാറ്റ് നിശബ്ദത തിരഞ്ഞെടുക്കകയാണ്, അല്ല ബുംറ ആ തീയങ്ങ് അണയ്ക്കുകയായിരുന്നു.

തന്റെ കൈകളില്‍ നിന്ന് ഒരു അവസരം നിങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലായെന്ന് ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ പലകുറി പറഞ്ഞത് വാംഖഡയിലും ആവർത്തിച്ചു. ബെഥലിനൊരു പിൻ പോയിന്റ് യോർക്കര്‍, സിംഗിള്‍. ആശങ്കയിലിരുന്ന ഗ്യാലറികളില്‍ പ്രതീക്ഷ. ശേഷം, രണ്ട് ഫുള്‍ ടോസുകള്‍, നിയര്‍ യോർക്കറുകള്‍ എന്ന് തന്നെ പറയാം, ശേഷം, യോര്‍ക്കറുകൊണ്ട് ഓവര്‍ അവസാനിപ്പിക്കുന്നു. കൃത്യതയും പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രവചനാതീതമായ വേരിയേഷനുകളും, വിട്ടുനല്‍കിയത് കേവലം ആറ് റണ്‍സ്. പതിനാറാം ഓവറില്‍ എട്ട് റണ്‍സും.

ബൗളര്‍മാര്‍ മൃഗീയമായി ശിക്ഷിക്കപ്പെട്ട ഒരുമത്സരം, പന്തെടുത്തവരുടെയെല്ലാം ശവപ്പറമ്പാകാൻ വാംഖഡെ വിധിക്കപ്പെട്ട ദിനം. അവിടെ ബുംറ തന്റെ സ്പെല്‍ അവസാനിപ്പിക്കുന്നത് നാല് ഓവറില്‍ കേവലം 33 റണ്‍സ് വഴങ്ങി ഒരുവിക്കറ്റുമായാണ്. വാംഖഡെ ഒന്നടങ്കം എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു, കണ്ടുതീര്‍ത്ത അസാധാരണമായ ആറ് പന്തുകളുടെ ആശ്ചര്യം അവരിലുണ്ടായിരുന്നു. എം എസ് ധോണിയും രോഹിത് ശർമയും കയ്യടിക്കാൻ വിധിക്കപ്പെട്ടവരിലുണ്ടായിരുന്നു.

ബുംറയുടെ സ്പെല്ലിന്റെ മഹിമ അറിയണമെങ്കില്‍ സാഹചര്യങ്ങളും മറ്റ് ബൗളര്‍മാരുടെ പ്രകടനങ്ങളും താരതമ്യപ്പെടുത്തണം. ക്രിക്കറ്റ് പുസ്കകങ്ങളിലെ ഒട്ടുമിക്ക ആയുധങ്ങളെല്ലാം കൈവശമുള്ള ബുംറ തന്റെ ക്ലാസ് തെളിയിക്കാൻ തിരഞ്ഞെടുത്ത് ഒരു അനുകൂലമായ വിക്കറ്റിലായിരുന്നില്ല. ഫ്ലാറ്റ് വിക്കറ്റ്, ക്ലിയര്‍ളി എ ഫ്ലാറ്റ് വിക്കറ്റ്. മത്സരത്തില്‍ 40 ഓവറുകളില്‍ പിറന്നത് 499 റണ്‍സാണ്, റണ്‍റേറ്റ് 12.5 ആയിരുന്നു. ബുംറയൊഴികയുള്ള മറ്റ് ബൗളര്‍മാര്‍ എറിഞ്ഞത് 36 ഓവറുകള്‍ എക്കണോമി 13ന് അടുത്ത്, ബുംറയുടേത് കേവലം 8.2 മാത്രം. ഇംഗ്ലണ്ട് നായകനെ മടക്കിയ ആ പന്ത് വിസ്മരിക്കുന്നില്ല. ജീനിയസ്.

ഈ കണക്കുകള്‍ക്കൊണ്ട് മാത്രമല്ല ബുംറ ഒരു ജീനിയസ് ആകുന്നത്. വലിയ മത്സരങ്ങളില്‍ സമ്മര്‍ദത്തെ അനായാസം ആവാഹിച്ച് തന്നെ അതിര്‍ത്തി കടത്താൻ ഒരുങ്ങിയിരിക്കുന്ന ബാറ്റര്‍മാര്‍ക്ക് മുന്നിലേക്ക് യോര്‍ക്കറുകളെ നിരന്തരം തുറന്നുവിടാനുള്ള അയാളുടെ അസാധാരണമായ മികവ്. അത് ഒരു തവണയല്ല പലകുറി, പല മൈതാനങ്ങളില്‍, പല എതിരാളികള്‍ക്കെതിരെ. രണ്ട് വര്‍ഷം മുൻപ് കെനിങ്ടണ്‍ ഓവലില്‍ സംഭവിച്ചത് വാംഖഡയില്‍ നിന്ന് വിഭിന്നമായ ഒന്നായിരുന്നില്ലല്ലോ.

മത്സരം കൈവിടുന്ന നിമിഷത്തില്‍ നിങ്ങള്‍ക്ക് അയാളുടെ കൈകകളിലേക്ക് നോക്കാം. സച്ചിൻ തെൻഡുല്‍ക്കറിനും ധോണിക്കും വിരാട് കോഹ്‌ലിക്കും രോഹിതിനും ശേഷം ഒരു ജനതയുടെ പ്രതീക്ഷയായി മാറിയ പേര്. ജസ്പ്രിത് ജസ്ബി‍‍ര്‍ സിങ് ബുംറ.

മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ ശേഷം സഞ്ജു സാംസണിന് അത് തനിക്ക് അര്‍ഹതപ്പെട്ടതായി ഒരു നിമിഷം പോലും തോന്നിയില്ല. ഈ മാൻ ഓഫ് ദ മാച്ച് പുരസ്കാരം അര്‍ഹിക്കുന്നത് ജസ്പ്രിത് ബുംറയാണ്. തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ലോകോത്തര ബൗള‍ര്‍. അത് അദ്ദേഹം ഇന്നും തെളിയിച്ചു. ബുംറയില്ലായിരുന്നെങ്കില്‍ ഈ പുരസ്കാരം എന്റെ കൈകളിലെത്തില്ലായിരുന്നു. ബുംറയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ വാംഖഡെ മറ്റൊരു അഹമ്മദാബാദാകുമായിരുന്നില്ലെ.