49 റണ്‍സ് നേടിയ എ എ സര്‍വതെയും 38 റണ്‍സ് നേടിയ കലെയും 35 റണ്‍സ് നേടിയ ഗണേഷ് സതീഷും മാത്രമാണ് സൗരാഷ്ട്രയ്ക്ക് മുന്നില്‍ പിടിച്ചുനിന്നത്. ആറ് വിക്കറ്റ് നേടിയ ഡി എ ജഡേജയാണ് വിദര്‍ഭയെ തകര്‍ത്തത്

നാഗ്പൂര്‍: രഞ്ജി ട്രോഫി കലാശക്കളിയില്‍ വീറും വാശിയും നിറയുന്നു. അഞ്ച് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ വിദര്‍ഭയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ അടിതെറ്റി. സൗരാഷ്ട്ര ബൗളര്‍മാര്‍ താളം കണ്ടെത്തിയപ്പോള്‍ വിദര്‍ഭയുടെ രണ്ടാം ഇന്നിംഗ്സ് 200 ല്‍ അവസാനിച്ചു. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ 206 റണ്‍സ് നേടിയാല്‍ സൗരാഷ്ട്രയ്ക്ക് ആദ്യമായി രഞ്ജി കിരീടത്തില്‍ മുത്തമിടാം.

49 റണ്‍സ് നേടിയ എ എ സര്‍വതെയും 38 റണ്‍സ് നേടിയ കലെയും 35 റണ്‍സ് നേടിയ ഗണേഷ് സതീഷും മാത്രമാണ് സൗരാഷ്ട്രയ്ക്ക് മുന്നില്‍ പിടിച്ചുനിന്നത്. ഓപ്പണര്‍മാരായ ഫസല്‍ 10 ഉം രാമസ്വാമി 16 ഉം റണ്‍സ് നേടി. വസീം ജാഫര്‍ 11 റണ്‍സിനും കര്‍നെവാര്‍ 18 ഉം ഉമേഷ് യാദവ് 15 ഉം റണ്‍സ് നേടി. ആറ് വിക്കറ്റ് നേടിയ ഡി എ ജഡേജയാണ് വിദര്‍ഭയെ തകര്‍ത്തത്.

നേരത്തെ വിദര്‍ഭ ഒന്നാം ഇന്നിംഗ്സില്‍ 312 റണ്‍സ് നേടിയപ്പോള്‍ സൗരാഷ്ട്രയുടെ മറുപടി 307 ല്‍ അവസാനിച്ചിരുന്നു. സ്നെല്‍ പട്ടേലിന്‍റെ സെഞ്ചുറിയും വാലറ്റത്തിന്‍റെ ചെറുത്തുനില്‍പ്പുമായിരുന്നു സൗരാഷ്ട്രയ്ക്ക് വലിയ നേട്ടമായത്. പട്ടേല്‍ 102 റണ്‍സെടുത്തപ്പോള്‍ വാലറ്റത്ത് പ്രേരക് മങ്കാദ്(21), മക്‌വാന(27), ജഡേജ(23), ഉനദ്ഘട്ട്(46), ചേതന്‍ സക്കരിയ(28 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് സൗരാഷ്ട്രയെ ഒന്നാം ഇന്നിംഗ്സ് ലീഡിന് തൊട്ടടുത്ത് എത്തിച്ചു. ഇതില്‍ അവസാന വിക്കറ്റില്‍ ഉനദ്ഘട്ടും സക്കരിയയും കൂട്ടിച്ചേര്‍ത്ത 60 റണ്‍സായിരുന്നു നിര്‍ണായകം.