മുംബൈ: കോച്ച് അനിൽ കുംബ്ലെയില്ലാതെ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് പുറപ്പെട്ടു. കുംബ്ലെ ലണ്ടനില്‍ തുടരുകയാണ്. കുംബ്ലെക്ക് ഐസിസി യോഗമുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ടീമിലെ പ്രശ്നങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന.
അനിൽ കുംബ്ലെയുമായി ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് ബിസിസിഐ ഉപദേശകസമിതിയെ വിരാട് കോലി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പരിശീലകനില്ലതെ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് പറന്നത്.
സഞ്ജയ് ബാംഗര്‍ അടക്കമുള്ള സപ്പോര്‍ട്ട് സ്റ്റാഫിലെ മറ്റെല്ലാവരും കോലിക്കും സംഘത്തിനുമൊപ്പം ലണ്ടനില്‍ നിന്ന് വിമാനം കയറി.
ഐസിസി ക്രിക്കറ്റ് കമ്മിറ്റിയോഗത്തിൽ പങ്കെടുക്കാനായാണ് കുംബ്ലെ ലണ്ടനില്‍ തുടരുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ വെള്ളിയാഴ്ച അവസാനിക്കുന്ന ഐസിസി കോൺഫ്രന്‍സിന് ശേഷം കുംബ്ലെ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകുമോയെന്ന് വ്യക്തമാക്കാന്‍ ബിസിസിഐ തയ്യാറായില്ല .
ഇന്ത്യ വിന്‍ഡീസ് ആദ്യ ഏകദിനവും വെള്ളിയാഴ്ചയാണ് നടക്കേണ്ടത്. ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടരാന്‍ കുംബ്ലെ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോലി നിലപാട് കടുപ്പിച്ചതിനാല്‍ ഉപദേശകസമിതിയും ആശയക്കുഴപ്പത്തിലാണ് രവി ശാസ്ത്രിയെ പരിശീലകനാക്കണമെന്ന കോലിയുടെ നിര്‍ദേശം അംഗീകരിക്കേണ്ടതില്ലെന്ന് സച്ചിനും ഗാംഗുലിയും ലക്ഷ്മണും തീരുമാനിച്ചതായും അറിയുന്നു. അതേസമയം ഇന്ത്യ എ അണ്ടര്‍ 19 ടീമുകളുടെ പരിശീലകപദവിയിൽ രാഹുല്‍ ദ്രാവിഡ് രണ്ട് വര്‍ഷത്തേക്ക് കൂടി തുടരും .
നേരത്തെ അറിയിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി അഭിമുഖം നടത്താതെയാണ് ദ്രാവിഡിന്‍റെ കരാര്‍ നീട്ടിയത്. എന്നാൽ അടുത്ത വര്‍ഷം ഐപിഎല്ലില്‍ പരിശീലകനാകാന്‍ ദ്രാവിഡിന് കഴിയില്ല.
