അനില്‍ കുംബ്ലെയുടെ മിഷന്‍ വെസ്റ്റിന്‍ഡീസിന് തുടക്കമാകുന്നു. ഈ മാസം 21ന് തുടങ്ങുന്ന ആദ്യ ടെസ്റ്റ് മല്‍സരത്തിന് മുമ്പ് നടക്കുന്ന രണ്ടു പരിശീലന മല്‍സരങ്ങളില്‍ എല്ലാ കളിക്കാര്‍ക്കും അവസരം നല്‍കുമെന്ന് അനില്‍ കുംബ്ലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെസ്റ്റിന്‍ഡീസ് സ്വന്തം നാട്ടില്‍ മികച്ച ടീമാണ്. അവരുടെ കളിക്ക് അനുകൂലമായ സാഹചര്യങ്ങളാണ് അവിടെയുള്ളത്. എന്നാല്‍ ഇന്ത്യ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുംബ്ലെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രവി ശാസ്‌ത്രിയുടെ വിശ്വസ്‌തനായി അറിയപ്പെടുന്ന കൊഹ്‌ലിക്കും അനില്‍ കുംബ്ലെയെ പ്രശംസിക്കാന്‍ മടിയുണ്ടായില്ല. ടെസ്റ്റ് ടീമില്‍ ഇല്ലെങ്കിലും കുംബ്ലെയുടെ ക്ഷണ പ്രകാരം ക്യാംപില്‍ എത്തിയ മഹേന്ദ്ര സിങ് ധോണി വികാരനിര്‍ഭരമായ പ്രസംഗത്തിലൂടെ താരങ്ങളുടെ മനംകവര്‍ന്നു. എല്ലാവരും തിളങ്ങണമെന്നില്ല, പലരും പരാജയപ്പെടും, എന്നാല്‍ ഏതു സാഹചര്യത്തിലും ഒരുമിച്ച് നിന്നാല്‍ ടീം ഇന്ത്യയെ ആര്‍ക്കും തടയാനാകില്ലെന്ന് ധോണി പറഞ്ഞു. ഗായിക വസുന്ധരാ ദാസിന്റെ കീഴിലുള്ള പ്രത്യേക സെഷനും പുതിയ പരിശീലകന് കീഴിലുള്ള ക്യാംപില്‍ വ്യത്യസ്‌ത അനുഭവമായി.