ലണ്ടന്‍: കോച്ചായി അനില്‍ കുംബ്ലെയെ നിലനിര്‍ത്തരുതെന്ന് ഇന്ത്യന്‍ ടീമില്‍ ഇപ്പോഴുള്ള താരങ്ങളില്‍ പത്തു പേര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരാള്‍ മാത്രമാണ് കുംബ്ലൈക്ക് അനുകൂലമായി സംസാരിച്ചത്. കര്‍ക്കശക്കാരനായ കുംബ്ലൈയുടെ പരിശീലന രീതികളോട് ഒത്തു പോകാന്‍ സാധിക്കുന്നില്ലെന്ന് ടീം അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ശനവും പരിക്ക് പറ്റുന്ന തരത്തിലുള്ള മനുഷ്യത്വ രഹിതവുമായ പരിശീലന രീതികളാണ് കുംബ്ലൈയുടേതെന്നാണ് താരങ്ങളുടെ പരാതി, ബിസിസിഐ ആക്ടിംങ് സെക്രട്ടറി അമിതാഭ് ചൗധരി, ബിസിസിഐ ജനറല്‍ മാനേജര്‍ എംവി ശേഖര്‍, മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി എന്നിവരോട് ടീം ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് സൂചന. തമിഴ്നാട്ടില്‍ നിന്നുള്ള ഒരു താരമാണ് കുംബ്ലെക്ക് അനുകൂലമായി പ്രതികരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മുന്‍ക്യാപ്റ്റനായ താരം പ്രത്യേകിച്ച് അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളറായ അനില്‍ കുംബ്ലൈക്ക് കീഴില്‍ മികച്ച റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീമിനുള്ളത്. കുംബ്ലൈയുടെ കീഴില്‍ ഒരു സീരിസ് മാത്രമാണ് ടീം ഇന്ത്യ തോറ്റത്. അതുകൊണ്ടു തന്നെ കുംബ്ലൈയുടെ കാലാവധി നീട്ടാനാണ് സാധ്യതയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ നായകന്‍ വിരാട് കോഹ്ലിയുമായുളള അഭിപ്രായ വിത്യാസങ്ങള്‍ കുംബ്ലെയ്ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നേക്കാനാണ് സാധ്യത. പുതിയ ഇന്ത്യന്‍ ടീം പരിശീലകനെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുന്‍പ് തന്നെ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
