മുംബൈ: ജീവിതം മാറ്റിമറിച്ചത് ഒരു ഹോട്ടല്‍ ജീവനക്കാരനെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 'സച്ചിന്‍ ബൈ സ്പാര്‍ട്ടന്‍' എന്ന പേരിലുള്ള സ്പോര്‍ട്സ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു സച്ചിന്‍റെ വെളിപ്പെടുത്തല്‍. കായിക ഉപകരണങ്ങള്‍ ഒരു സ്പോര്‍ട്സ് താരത്തിന്‍റെ ജീവിതത്തില്‍ എത്രത്തോളം പ്രധാന്യമുണ്ടെന്ന് പറയാനാണ് സച്ചിന്‍ ഇത്തരത്തില്‍ ഒരു സംഭവം പറ‍ഞ്ഞത്.

ചെന്നൈയില്‍ വച്ച് ഒരു വെയ്റ്റര്‍ എന്നെ സമീപിച്ച് താങ്കള്‍ക്ക് പ്രശ്‌നമൊന്നും ഇല്ലെങ്കില്‍ ചില കാര്യങ്ങള്‍ പറയാന്‍ താന്‍ ആഗ്രഹിക്കുന്നതായി എന്നോട് പറഞ്ഞു, ഞാന്‍ അദ്ദേഹത്തിന് അതിന് അനുമതി നല്‍കി, ഞാന്‍ ബാറ്റ് വീശുന്നതിന് എന്റെ എല്‍ബോ ഗാര്‍ഡ് വിഘാതം ഉണ്ടാക്കുന്നു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്, അദ്ദേഹം പറഞ്ഞത് 100 ശതമാനം ശരിയായിരുന്നു

എനിക്കത് അറിയാമായിരുന്നു എന്റെ എല്‍ബോ ഗാര്‍ഡ് എനിക്ക് യോജിച്ചതല്ലെന്ന് പക്ഷെ എനിക്ക് പറ്റുന്ന വിധത്തില്‍ അത് മാറ്റിതീര്‍ക്കുന്നതിനെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല, കുറച്ച് വര്‍ഷങ്ങളായി എനിക്ക് വലിയ ഷോട്ടുകള്‍ പായിക്കുന്നതിന് ചിലപ്പോഴെല്ലാം എല്‍ബോ ഗാര്‍ഡ് തടസ്സം ഉണ്ടാക്കിയിരുന്നു, 

ഇതോടെ എനിക്ക് യോജിച്ച വിധത്തിലുളള ഒരു എല്‍ബോ ഗാര്‍ഡ് ഉണ്ടാക്കുന്നതിന് ഞാന്‍ ശ്രമം ആരംഭിക്കുകയും, ഫൈബറും കുഷ്യനും ചേര്‍ത്ത് എനിക്ക് പറ്റിയ രീതിയില്‍ അത് നിര്‍മ്മിക്കുകയും ചെയ്തു, അത് തുടര്‍ന്നുളള മത്സരങ്ങളില്‍ എന്നെ ഏറെ സഹായിച്ചു. അതായത് നമ്മുടെ രാജ്യത്തെ സിഇഒ മുതല്‍ പാന്‍വാല വരെ നിങ്ങള്‍ക്ക് ഉപദേശം നല്‍കാം, അത് നിങ്ങള്‍ക്ക് പുതിയ ചില ആശയങ്ങള്‍ സമ്മാനിക്കാന്‍ ഇടയാക്കുമെന്ന് സച്ചിന്‍ പറഞ്ഞു.