ചണ്ഡീഗഡ്: 2007ലെ ട്വന്റി-20ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം ആരാധകരാരും മറന്നിട്ടുണ്ടാവില്ല. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയ സ്വപ്ന ഫൈനലില്‍ അവസാന ഓവറിലെ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയവും. ലോകകപ്പ് വിജയത്തിന്റെ പത്താം വാര്‍ഷികത്തില്‍ നാടകീയമായ അവസാന ഓവര്‍ ഓര്‍ത്തെടുക്കുകയാണ് ആ ലോകകപ്പിന്റെ ഹീറോ ആയ യുവരാജ് സിംഗ്.
മിസ്‌ബാ ഉള്‍ ഹഖിന്റെ ഒറ്റയാള്‍ പോരാട്ടം പാക്കിസ്ഥാന് കിരീടം സമ്മാനിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് മിസ്ബാ ബുദ്ധിശൂന്യമായ ആ ഷോട്ട് കളിച്ചത്. ആ പന്ത് അദ്ദേഹത്തിന് എവിടേക്ക് വേണമെങ്കിലും അടിക്കാമായിരുന്നു. ആ പന്ത് ശ്രീശാന്തിന് നേരെ ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. പ്രവചാനാതീതനായ കളിക്കാരനാണ് ശ്രീശാന്ത്. ശ്രീ ആ ക്യാച്ച് നിലത്തിടുമെന്നൊരു തോന്നല്‍ എന്റെ മനസിലുണ്ടായിരുന്നു. മുമ്പ് ശ്രീ ഇത്തരത്തില്‍ ക്യാച്ചുകള്‍ കൈവിട്ടുണ്ട്. പക്ഷെ അദ്ദേഹം ആ ക്യാച്ച് കൈപ്പിടിയിലൊതുക്കി. ലോകകപ്പും.
ജോഗീന്ദര്‍ ശര്‍മയ്ക്ക് പകരം ഹര്‍ഭജന്‍ സിംഗ് ആയിരുന്നു അവസാന ഓവര്‍ എറിയേണ്ടിയിരുന്നത്. എന്നാല്‍ തനിക്ക് യോര്‍ക്കറുകള്‍ എറിയാനാവുമെന്ന് ആത്മവിശ്വാസമില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞതോടെയാണ് ജോഗീന്ദറിനെ ധോണി പന്തേല്‍പ്പിച്ചത്. നന്ദി പറയേണ്ടത് മിസ്ബയോടാണ്. ആ ഷോട്ട് കളിക്കാന്‍ തോന്നിച്ചതിന്. ടൂര്‍ണമെന്റിലൂടനീളം ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം അനുപമമായിരുന്നുവെന്നും യുവി പറഞ്ഞു. കളിക്കാര്‍ തമ്മിലുള്ള ഒത്തൊരുമയും കളിക്കാര്‍ക്കിടയിലെ ഐക്യം ഇല്ലാതാക്കാന്‍ ഗ്രെഗ് ചാപ്പലിനെപ്പോലൊരു കോച്ച് ഇല്ലാതിരുന്നതും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായെന്നും യുവി വ്യക്തമാക്കി.
