ബംഗലൂരു: ബോളിവുഡ് നടി അനുഷ്കാ ശര്‍മയുമായുള്ള വിരാട് കൊഹ്‌ലിയുടെ പ്രണയവും പിന്നീടുണ്ടായ പ്രണയത്തകര്‍ച്ചയും ആരാധകര്‍ ഒരുപാട് ആഘോഷിച്ചതാണ്. ട്വന്റി-20 ലോകകപ്പില്‍ കൊഹ്‌ലിയുടെ മിന്നുന്ന പ്രകടനത്തിന് കാരണം അനുഷ്കയുമായുള്ള ബന്ധം തകര്‍ന്നതാണെന്നുവരെ പ്രചാണവുമുണ്ടായി. എന്നാല്‍ അന്ന് അനുഷ്കയെ ട്രോള്‍ ചെയ്തതിനെതിരെ കൊഹ്‌ലി പ്രതിരോധവുമായി രംഗത്തെത്തി. ഇരുവരും വീണ്ടും ഒന്നായോ എന്ന് ആരാധകര്‍ക്ക് അന്നുതുടങ്ങിയ സംശയമാണ്.

കഴിഞ്ഞദിവസം കൊഹ്‌ലിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കൊഹ്‌ലി ഒറ്റവാക്കില്‍ മറുപടി നല്‍കി. അത് മാറ്റാരും അറിയേണ്ട കാര്യമല്ല എന്നായിരുന്നു കൊഹ്‌ലിയുടെ മറുപടി. അതിനെക്കുറിച്ച് കൂടൂതലൊന്നും പറയില്ലെന്നും കൊഹ്‌ലി വ്യക്തമാക്കി. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്റെ ഗുഡ്‍വില്‍ അംബാസഡറാക്കിയതിനെക്കുറിച്ചും കൊഹ്‌ലി മൗനം പാലിച്ചു. കരിയറിലും ജീവിതത്തിലും ആത്മാര്‍ഥതയോടെയാണ് താന്‍ മുന്നോട്ടുപോവുന്നതെന്ന് കൊഹ്‌ലി പറഞ്ഞു.

കരിയറിന്റെ തുടക്കംമുതെല സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് എന്റെ മാതൃകാപുരുഷന്‍. കരിയറിന്റെ തുടക്കത്തില്‍ ആരാധകര്‍ക്ക് എന്നെക്കുറിച്ചുണ്ടായിരുന്ന പല മുന്‍ധാരണകളും മാറ്റാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കൂടുതല്‍ സത്യസന്ധതയോടെയും ആത്മാര്‍പ്പണത്തോടെയും ഞാന്‍ എന്റെ കര്‍മത്തില്‍ മുഴുകി. എന്റെ സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും അറിയാം ഞാന്‍ എങ്ങനത്തെ മനുഷ്യനാണെന്ന്.ഇപ്പോള്‍ ആരാധകര്‍ക്കും-വിരാട് ഫാന്‍ ബോക്സ് ഉദ്ഘാടനം ചെയ്ത് കൊഹ്‌ലി പറഞ്ഞു. കളിക്കളത്തിലായാലും പുറത്തായാലും സത്യസന്ധതയോടെ പെരുമാറിയാല്‍ അതിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും കൊഹ്‌ലി പറഞ്ഞു.