പവനായിമാരില്‍ ഇത്തവണ സ്വദേശി-വിദേശി ഭേദമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബാറ്റിംഗില്‍ കീറോണ്‍ പൊള്ളാര്‍ഡ്, ഗ്ലെന്‍ മാക്സ്‌വെല്‍, ക്രിസ് ലിന്‍, കോളിന്‍ മണ്‍റോ, ഡാര്‍സി ഷോട്ട്, ബെന്‍ സ്റ്റോക്സ് അങ്ങനെ അടിക്കാതെപോയ ലോട്ടറികള്‍

മുംബൈ: "അങ്ങനെ പവനായി ശവമായി, എന്തൊക്കെ ബഹളമായിരുന്നു മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ്, ബോംബ്, ഒലക്കേട് മൂട്" നാടോടിക്കാറ്റ് എന്ന സിനിമയില്‍ തിലകന്‍ പറയുന്ന ഈ ഡയലോഗ് ഐപിഎല്‍ ടീം ഉടമകള്‍ കേട്ടിട്ടുണ്ടാവാന്‍ വഴിയില്ല. എന്നാല്‍ ഈ ഡയലോഗ് പറയാന്‍ ഇപ്പോള്‍ ഏറ്റവും അധികം അര്‍ഹതയുള്ളവര്‍ മുകേഷ് അംബാനിയും ഷാരൂഖ് ഖാനും എല്ലാമടങ്ങുന്ന ഐപിഎല്‍ മുതലാളിമാരായിരിക്കും. കാരണം ഇത്തവണത്തെ ഐപിഎല്‍ താരലേലം കഴിഞ്ഞപ്പോള്‍ കോടികളൊഴുക്കി ചാക്കിലാക്കിയ പെരുമ്പാമ്പുകളെല്ലാം നീര്‍ക്കോലികളായിപ്പോയത് അവര്‍ കണ്ടിരിക്കുകയാണല്ലോ.

പവനായിമാരില്‍ ഇത്തവണ സ്വദേശി-വിദേശി ഭേദമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബാറ്റിംഗില്‍ കീറോണ്‍ പൊള്ളാര്‍ഡ്, ഗ്ലെന്‍ മാക്സ്‌വെല്‍, ക്രിസ് ലിന്‍, കോളിന്‍ മണ്‍റോ, ഡാര്‍സി ഷോട്ട്, ബെന്‍ സ്റ്റോക്സ് അങ്ങനെ അടിക്കാതെപോയ ലോട്ടറികള്‍ നിരവധിയുണ്ട് ഇത്തവണ ഐപിഎല്ലില്‍. പത്തൊമ്പതുകാരന്‍ ഇഷാന്‍ കിഷന്‍ മുതല്‍ നമ്മുടെ സ്വന്തം സഞ്ജു സാംസണ്‍ വരെയുള്ള ഇന്ത്യന്‍ യുവതാരനിര ബംപറടിച്ച് മുന്നേറിയപ്പോഴാണ് താരലേലത്തിലെ പവനായിമാര്‍ ശവമായി നില്‍ക്കുന്നത്.

കളിക്കാരെ നിലനിര്‍ത്താനുള്ള പോളിസിപ്രകാരം ഇത്തവണ മുംബൈ റീട്ടെയിന്‍ ചെയ്ത അപൂര്‍വം കളിക്കാരിലൊരാളാണ് അവരുടെ എക്കാലത്തെയും വിശ്വസ്തനായ കീറോണ്‍ പൊള്ളാര്‍ഡ്. 5.40 കോടി നല്‍കി മുംബൈ നിലനിര്‍ത്തിയ പൊള്ളാര്‍ഡ് ഇത്തവണ എട്ടുകളികളില്‍ നേടിയത് വെറും 126 റണ്‍സ്. പഞ്ചാബിനെതിരായ അവസാന മത്സരത്തില്‍ നേടി അര്‍ധസെഞ്ചുറി കൂടിയില്ലായിരുന്നെങ്കില്‍ പൊള്ളാര്‍ഡ് വെറും പൊള്ളയായേനെ.

ഒമ്പത് കോടി രൂപ നല്‍കി ഡല്‍ഹി സ്വന്തമാക്കിയ ഗ്ലെന്‍ മാക്സ്‌വെല്‍ ആണ് മറ്റൊരു നഷ്ടക്കച്ചവടം. 10 കളികളില്‍ നിന്ന് മാക്സ്‌വെല്‍ നേടിയത് 142 റണ്‍സ്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ മുത്തില്‍പ്പോലും മാക്സ്‌വെല്ലില്ല. ഡല്‍ഹിയുടെ യുവനിര റിഷഭ് പന്തിന്റെ നേതൃത്വത്തില്‍ അടിച്ചുതകര്‍ത്തപ്പോഴാണ് മാക്സ്‌വെല്ലിന്റെ ഈ ദയനീയ പ്രകടനം. റെക്കോര്‍ഡ് തുകയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിയ ബെന്‍ സ്റ്റോക്സാണ് ഇത്തവണ ഐപിഎല്ലില്‍ അടിക്കാതെ പോയ മറ്റൊരു ബംപര്‍ ലോട്ടറി. രാജസ്ഥാനുവേണ്ടി എല്ലാ കളികളിലും ഇറങ്ങിയ സ്റ്റോക്സ് 13 കളികളില്‍ നിന്ന് നേടിയത് ആകെ 196 റണ്‍സ്. ഓള്‍റൗണ്ടര്‍ കൂടിയായ സ്റ്റോക്സ് നേടിയതാകട്ടെ എട്ടുവിക്കറ്റും. ഓപ്പണര്‍ മുതല്‍ ഫിനിഷര്‍വരെയുള്ള എല്ലാ പൊസിഷനുകളിലും സ്റ്റോക്സ് ബാറ്റിംഗിനിറങ്ങുകയും ചെയ്തു.

ഐപിഎല്ലില്‍ മിന്നല്‍പ്പിണരാവുമെന്ന് കരുതിയ മറ്റൊരു താരം കൊല്‍ക്കത്തയുടെ ക്രിസ് ലിന്നാണ്. ബിഗ് ബാഷിലെ തകര്‍പ്പനടികളുടെ പിന്‍ബലത്തില്‍ ലേലത്തില്‍ 9 കോടി നല്‍കി കൊല്‍ക്കത്ത കൂടാരത്തിലെത്തിച്ച ലിന്നാകട്ടെ ഇത്തവണ അടിച്ചെടുത്തത് 13 കളികളില്‍ 370 റണ്‍സ്. അതിവേഗ സ്കോറിംഗിന് പേരുകേട്ട ലിന്നിന്റെ സ്ട്രൈക്ക് റേറ്റാണ് ആരാധകരെ നിരാശരാക്കിയത്. 131.67 മാത്രമായിരുന്നു ലിന്നിന്റെ ഇത്തവണ ഐപിഎല്ലിലെ പ്രഹരശേഷി.

വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഡാര്‍സി ഷോര്‍ട്ടിന് നാലു കോടി നല്‍കി രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ നെറ്റിചുളിച്ച പലരുമുണ്ടായിരുന്നു.

ബിഗ് ബാഷില്‍ 11 കളികളില്‍ 572 റണ്‍സടിച്ച ഷോര്‍ട്ടില്‍ നിന്ന് ആരാധകര്‍ ഏറെ പ്രതീക്ഷിച്ചെങ്കിലും ഐപിഎല്ലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടായി മങ്ങിക്കത്താനായിരുന്നു വിധി.

ഏഴു കളികളില്‍ 115 റണ്‍സ് മാത്രമെടുത്ത ഷോര്‍ട്ട് പല കളികളിലും അവിശ്വസനീയമായ രീതിയില്‍ റണ്ണൗട്ടായി ടീമിനെ തുടകത്തിലെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. രാജസ്ഥാന്റെ അടിക്കാതെ പോയ ലോട്ടറികളുടെ കൂട്ടത്തില്‍ ഷോര്‍ട്ടുമുണ്ട്. മാര്‍ക്വസ് സ്റ്റോയിനിസിനും ആരോണ്‍ ഫിഞ്ചിനുമായി കിംഗ്സ് ഇലവന്‍ പ‍ഞ്ചാബ് 6.20 കോടി വീതം മുടക്കിയെങ്കിലും രണ്ടുപേരും പൊട്ടാതെപോയ ബോംബുകളുടെ കൂട്ടത്തിലുണ്ട്.

പ്രതാപകാലം പിന്നിട്ട ബ്രണ്ടന്‍ മക്കല്ലത്തെ 3.60 കോടി നല്‍കി സ്വന്തമാക്കിയ ബംഗലൂരുവിനും ഇത്തവണ പിഴച്ചു. ആറു കളികളില്‍ 127 റണ്‍സ് മാത്രമാണ് ആദ്യ ഐപിഎല്ലിലെ വെടിക്കെട്ട് സെഞ്ചുറിക്ക് ഉടമയായ മക്കല്ലത്തിന്റെ ഇത്തവണത്തെ സമ്പാദ്യം. അലക്സ് ഹെയില്‍സ് (സണ്‍റൈസേഴ്സ്), ജേസണ്‍ റോയ്(ഡല്‍ഹി), സാം ബില്ലിംഗ്സ്(ചെന്നൈ), കോളിന്‍ മണ്‍റോ(ചെന്നൈ), ഡേവിഡ് മില്ലര്‍(പഞ്ചാബ്), ഡീകോക്ക്(ബംഗലൂരു)അങ്ങനെ അടിക്കാതെ പോയ വിദേശ ലോട്ടറികള്‍ ഇനിയുമുണ്ട്.

ഇത്തവണ അടിക്കാതെപോയ ഏറ്റവും വലിയ സ്വദേശി ലോട്ടറി എടുത്തത് സണ്‍റൈസേഴ്സ് ഹൈദരാബാദാണ്. ഒരു കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന മനീഷ് പാണ്ഡെക്ക് 11 കോടി നല്‍കി സണ്‍റൈസേഴ്സ് സ്വന്തമാക്കിയെങ്കിലും 12 കളികളില്‍ നിന്ന് മനീഷ് പാണ്ഡെ നേടിയത് 189 റണ്‍സ് മാത്രം.

രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന കേദാര്‍ ജാദവിനെ 7.80 കോടി നല്‍കി ചെന്നൈ സ്വന്തമാക്കിയങ്കിലും ഒരു മത്സരം മാത്രമാണ് കളിച്ചത്. 50 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന കരുണ്‍ നായര്‍ക്ക് 5.60 കോടി നല്‍കി പഞ്ചാബ് ടീമിലെത്തിച്ചെങ്കിലും 12 കളികളില്‍ 247 റണ്‍സ് മാത്രമാണ് നേടാനായത്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൃദ്ധിമാന്‍ സാഹക്കായി സണ്‍റൈസേഴ്സ് അഞ്ചു കോടി നല്‍കിയെങ്കിലും 10 കളികളില്‍ നിന്ന് 87 റണ്‍സ് മാത്രമാണ് സാഹയുടെ സമ്പാദ്യം. മുംബൈ നായകന്‍ രോഹിത് ശര്‍മ 13 കളികളില്‍ 273 റണ്‍സടിച്ചിട്ടുണ്ടെങ്കിലും മുംബൈയുടെ പിന്നോട്ടുപോക്കിന് കാരണം രോഹിത്തിന്റെ മോശം പ്രകടനമായിരുന്നു.

ഇതുവരെ പറഞ്ഞത് ബാറ്റ്സ്മാന്‍മാരുടെ കാര്യമാണെങ്കില്‍ ഇനി പറയുന്നത് ബൗളിംഗിലെ പവനായിമാരെക്കുറിച്ചാണ്. കഴിഞ്ഞ ഐപിഎല്ലില്‍ 24 വിക്കറ്റുമായി തിളങ്ങിയ ജയദേവ് ഉനദ്‌ഘട്ടിനായി ഇത്തവണ രാജസ്ഥാന്‍ ലേലത്തില്‍ മുടക്കിയത് 11.50 കോടി രൂപ. ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റെന്നതായിരുന്നു ഉനദ്ഘട്ടിന് പൊന്നുംവില നല്‍കാന്‍ രാജസ്ഥാനെ പ്രേരിപ്പിച്ചത്. 13 കളികളില്‍ 9 വിക്കറ്റ് മാത്രമാണ് ഉനദ്ഘട്ടിന്റെ ഇതുവരെയുള്ള സമ്പാദ്യം. നേടിയ വിക്കറ്റുകളുടെ എണ്ണമെടുത്താല്‍ നല്‍കിയ കോടിയുടെ അടുത്തൊന്നുമില്ലെന്ന് ചുരുക്കം. തന്റെ വജ്രായുധമായ സ്ലോ ബോളുകള്‍ അമിതമായി എറിഞ്ഞതാണ് ഉനദ്ഘട്ടിന് വിനയായത്. ഈ സീസണില്‍ ഉനദ്ഘട്ട് എറിഞ്ഞ 70 ശതമാനം പന്തുകളും സ്ലോ ബോളുകളായിരുന്നു. ഇത് ബാറ്റ്സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ശിവം മാവിക്കായി കൊല്‍ക്കത്ത മൂന്ന് കോടി മുടക്കിയെങ്കിലും എട്ടുകളികളില്‍ കൗമാരതാരം നേടിയത് ആകെ നാലുവിക്കറ്റ്. രണ്ടു കോടി രൂപ അടിസ്ഥാനവിലയുള്ള കാണ്‍ ശര്‍മയെ അഞ്ച് കോടി നല്‍കി സ്വന്തമാക്കിയ ചെന്നൈക്കും പിഴച്ചു. അഞ്ച് കളികളില്‍ മഞ്ഞക്കുപ്പായത്തിലിറങ്ങിയ കാണ്‍ ശര്‍മ നേടിയത് വെറും മൂന്ന് വിക്കറ്റ്.

ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മുഹമ്മദ് ഷാമിക്കായി ഡല്‍ഹി മുടക്കിയത് മൂന്ന് കോടി. താരം നേടിയതോ നാലു കളികളില്‍ മൂന്ന് വിക്കറ്റും. ക്യാപ്റ്റനെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ബൗളറെന്ന നിലയില്‍ പരാജയപ്പെട്ട മറ്റൊരു താരമാണ് പഞ്ചാബ് നായകന്‍ ആര്‍ ആര്‍ അശ്വിന്‍.

കുല്‍ദീപിന്റെയും ചാഹലിന്റെയും വരവോടെ ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായ അശ്വിനെ 7.60 കോടി നല്‍കി പഞ്ചാബ് സ്വന്തമാക്കിയെങ്കിലും 13 കളികളില്‍ എട്ടു വിക്കറ്റ് മാത്രമാണ് അശ്വിന്റെ സമ്പാദ്യം.

മിച്ചല്‍ ജോണ്‍സണ്‍(കൊല്‍ക്കത്ത), ബരീന്ദര്‍ സ്രാന്‍(പഞ്ചാബ്), മുസ്തഫിസുര്‍ റഹ്മാന്‍(മുംബൈ), മുരുഗന്‍ അശ്വിന്‍(ബംഗലൂരു), മോഹിത് ശര്‍മ(പഞ്ചാബ്), രാഹുല്‍ ട്വിവാറ്റിയ(ഡല്‍ഹി), ഷഹബാസ് നദീം(ഡല്‍ഹി), അമിത് മിശ്ര(ഡല്‍ഹി) ബൗളര്‍മാരിലെ പവനായിമാരുടെ നിരയും നീണ്ടതാണ്.