എഡ്ജ്ബാസ്റ്റണിൽ ബുധനാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റാലും ജയിച്ചാലും ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. ബുധനാഴ്ച ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് തങ്ങളുടെ ആയിരാമത്തെ ടെസ്റ്റിനാണ്.

ബര്‍മിംഗ്ഹാം: എഡ്ജ്ബാസ്റ്റണിൽ ബുധനാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റാലും ജയിച്ചാലും ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. ബുധനാഴ്ച ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് തങ്ങളുടെ ആയിരാമത്തെ ടെസ്റ്റിനാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത നേട്ടം.
1877 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റ് കളിച്ച ഇംഗ്ലണ്ട് ഇതുവരെ 999 ടെസ്റ്റുകളിൽ കളിച്ചു. ഇതില്‍ 357 ജയവും 297 തോല്‍വിയും 345 സമനിലയും നേടി.

ആയിരം ടെസ്റ്റുകളെന്ന ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡ് സമീപകാലത്തൊന്നും തകരില്ല. കാരണം ഇംഗ്ലണ്ടിന് പിന്നില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച രണ്ടാമത്തെ രാജ്യം ഓസ്ട്രേലിയയാണ്. 812 എണ്ണം. ഇംഗ്ലണ്ടിനെക്കാള്‍ 188 ടെസ്റ്റുകള്‍ കുറവ്. 535 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വെസ്റ്റ് ഇന്‍ഡീസാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയാക്കട്ടെ ഇംഗ്ലണ്ട് കളിച്ചതിന്റെ പകുതി ടെസ്റ്റെ കളിച്ചിട്ടുള്ളു എന്ന് പറയാം. 1932ല്‍ ആദ്യ ടെസ്റ്റ് കളിച്ച ഇന്ത്യ ഇതുവരെ കളിച്ചത് 522 ടെസ്റ്റുകളാണ്.