കൊച്ചി: ഇന്ത്യന്‍ ഫുട്ബോളിന്റെ മുഴുവന്‍ ശ്രദ്ധയും നാളെ കൊച്ചിയിലേക്ക് തിരിയുമ്പോള്‍ കലൂര്‍ സ്റ്റേഡിയം അവസാന വട്ട ഒരുക്കങ്ങളിലാണ്. വൈകിട്ട് ആറ് മണിക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ കളി കാണാന്‍ ഫുട്ബോള്‍ പ്രേമികള്‍ നേരത്തെ തന്നെ എത്തണം.

ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ ചൂടപ്പം പോലെ വിറ്റു തീര്‍ന്നുകഴിഞ്ഞു. ഓണ്‍ലൈന്‍ വഴിയായിരുന്നു ഭുരിഭാഗം വില്‍പ്പനയും. കൗണ്ടറുകളെല്ലാം നേരത്തെ തന്നെ അടച്ചതോടെ ടിക്കറ്റ് കിട്ടാതെ വലയുകയാണ് നൂറു കണക്കിന് ആരാധകര്‍. ടിക്കറ്റ് കിട്ടിയവര്‍ സമയത്തിന് സ്റ്റേഡിയത്തിലെത്തിയില്ലങ്കില്‍ ടിവിയില്‍ കളി കാണേണ്ടി വരും.

വന്‍ തിരക്ക് കണക്കിലെടുത്ത് ഉച്ചയ്‌ക്ക് മൂന്നരയക്ക് കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശപ്പിക്കും. ആറ് മണിക്ക് ഗേറ്റുകള്‍ പൂട്ടും. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും കൈയില്‍ ടിക്കറ്റുണ്ടായിട്ടും നൂറ് കണക്കിനാളുകള്‍ക്ക് തിരിച്ചുപേകണ്ടിവന്നു. പലര്‍ക്കും പണം പോലും തിരിച്ച് കിട്ടിയില്ല. സ്റ്റേഡിയത്തിനുള്ളില്‍ 46 ഇടത്ത് കുടിവെള്ള കേന്ദ്രങ്ങള്‍ സ്ഥാപിച്ചട്ടുണ്ട്. ഇവിടെ നിന്നും സൗജന്യമായി വെള്ളം ലഭിക്കും. അതു കൊണ്ട് തന്നെ വെള്ളക്കുപ്പികള്‍ക്ക് നിരോധനമുണ്ട്.