പരിശീലക ദൗത്യത്തിന് എഎസ് മൊണാക്കോയില്‍ തുടക്കമിടാന്‍ ഫ്രഞ്ച്- ആഴ്‌സണല്‍ ഇതിഹാസം തിയറി ഒന്‍‌റി. ക്ലബിനെ പ്രതാപകാലത്തേക്ക് തിരികെ കൊണ്ടുവരിക ഒന്‍‌റിയുടെ ചുമലില്‍...

മൊണാക്കോ: കരിയറിലെ ആദ്യ സ്വതന്ത്ര പരിശീലക ദൗത്യത്തിന് എഎസ് മൊണാക്കോയില്‍ തുടക്കമിടാന്‍ ഫ്രഞ്ച്- ആഴ്‌സണല്‍ ഇതിഹാസം തിയറി ഒന്‍‌റി. കളിക്കാരനായി ഒന്‍‌റി കരിയറാരംഭിച്ച ക്ലബ് കൂടിയാണ് മൊണാക്കോ. ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ബെല്‍ജിയത്തിന്‍റെ സഹ പരിശീലകനായിരുന്ന ഒന്‍‌റി ആദ്യമായാണ് ഒരു ടീമിന്‍റെ മുഖ്യ കോച്ചാകുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.

'ഈ ക്ലബിന്(മൊണാക്കോ) എക്കാലവും ഹൃദയത്തില്‍ വലിയ സ്ഥാനമുണ്ടാവും. ഇവിടെ തിരിച്ചെത്തി പുതിയ തുടക്കം കുറിക്കുന്നത് സ്വപ്‌നസാഫല്യമാണ്. ഇവിടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇവിടെയായിരിക്കുന്നതില്‍ വളരെയധികം സന്തോഷവാനാണ്'. മാധ്യമപ്രവര്‍ത്തകരോട് മുന്‍ ഫ്രഞ്ച് താരം പറഞ്ഞു. ശനിയാഴ്‌ച്ച നടക്കുന്ന ലീഗ് വണ്‍ മത്സരത്തില്‍ പരിശീലകനായി ഒന്‍‌റി അരങ്ങേറും.

മൊണാക്കോ താരമായി തുടങ്ങിയ ഒന്‍‍‍റി പിന്നീട് ആഴ്സനല്‍, ബാഴ്സലോണ ടീമുകള്‍ക്കായും കളിച്ചിരുന്നു. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച പുറത്താക്കപ്പെട്ട ലിയൊനാര്‍ഡോ ജാര്‍ഡിമിന് പകരക്കാരനായാണ് ഒന്‍‌റിയുടെ നിയമനം. ക്ലബിന്‍റെ തിരിച്ചുവരവാണ് ഇതിഹാസ താരത്തിനെ പരിശീലകനാക്കിയതിലൂടെ മൊണാക്കോ ലക്ഷ്യമിടുന്നത്.