മെല്‍ബണ്‍: കളത്തില്‍ സംഭവിക്കുന്ന പിഴവുകള്‍ ചൂണ്ടികാട്ടി തിരുത്തുന്ന വ്യക്തിയാണ് മൂന്നാം അമ്പയര്‍. എന്നാല്‍ മൂന്നാം അമ്പയര്‍ക്കും പിഴവ് പറ്റിയാലോ അതാണ് ബോക്സിംഗ് ടെസ്റ്റില്‍ പാകിസ്ഥാന് അല്‍പ്പസമയം ടെന്‍ഷന്‍ നല്‍കിയത്. പാക് ഡ്രസ്സിംഗ് റൂമില്‍ ഒരു നിമിഷം ആശങ്കവിതക്കുന്ന വിധത്തിലാണ് മൂന്നാം അമ്പയര്‍ക്ക് ഈ കൈയ്യബദ്ധം സംഭവിച്ചത്. 

Scroll to load tweet…

മിന്നുന്ന ഫോമില്‍ കളിക്കുന്ന പാക് താരം അസ്ഹര്‍ അലിക്കെതിരെ നോട്ടൗട്ടിന് പകരം ഔട്ട് വിളിച്ചാണ് തേഡ് അമ്പയര്‍ ഞെട്ടിച്ചത്.
വ്യക്തിഗത സ്‌കോര്‍ 93 റണ്‍സിലെത്തിയപ്പോഴാണ് അസ്ഹര്‍ അലി പുറത്തായതായി മൂന്നാം അമ്പയര്‍ വിധിച്ചത്. ഒരു റണ്‍ ഔട്ട് അപ്പീലില്‍ സംശയത്തെ തുടര്‍ന്ന് ഫീല്‍ഡ് അമ്പയര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് കൈമാറുകയായിരുന്നു. അസ്ഹര്‍ ക്രീസില്‍ എത്തിയതായി റീപ്ലേകള്‍ വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ തീരുമാനം അറിയിച്ചു കൊണ്ടുള്ള ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ മൂന്നാം അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തിന് ചെറുതായൊന്നു പാളി. പച്ച വെളിച്ചം തെളിയാനുള്ള ബട്ടണ്‍ അമര്‍ത്തുന്നതിന് പകരം അമര്‍ത്തിയത് ഔട്ടാണെന്ന് വ്യക്തമാക്കുന്ന ചുവപ്പു ബട്ടണ്‍. തെറ്റ് മനസിലാക്കിയ ഇല്ലിങ്‌വര്‍ത്ത് ഉടന്‍ തന്നെ ഇത് തിരുത്തുകയും ചെയ്തു. 

അസ്ഹര്‍ പിന്നീട് സെഞ്ച്വറി പൂര്‍ത്തിയാക്കി.രണ്ടാം ദിവസം കളി പൂര്‍ത്തിയാകുമ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ പാകിസ്താന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ അസ്ഹര്‍ അലി (136)യും 28 റണ്‍സുമായി മുഹമ്മദ് ആമിറുമാണ് ഇപ്പോള്‍ പാക് നിരയില്‍ ക്രീസില്‍.