അന്ന് പതിനാറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന നോര്‍വെ താരത്തെ അത്ഭുത ബാലന്‍ എന്ന് വിശേഷിപ്പിച്ചാണ് റയല്‍ കൊണ്ടു വന്നത്
മാഡ്രിഡ്: വമ്പന്‍ നീക്കങ്ങള്‍ നടത്തി ഫുട്ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ക്ലബ്ബാണ് റയല്‍ മാഡ്രിഡ്. ബ്രസീലില്‍ നിന്ന് വിനീഷ്യസ് ജൂണിയറിനെ സ്പെയിനിലെത്തിച്ചതടക്കം ഉദാഹരണങ്ങള്‍ നിരവധി. 2015ല്‍ റയല്‍ ഇതുപോലെ നടത്തിയ ഒരു നീക്കമായിരുന്നു മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിന്‍റെ മാഡ്രിഡിലേക്കുള്ള വരവ്. അന്ന് പതിനാറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന നോര്‍വെ താരത്തെ അത്ഭുത ബാലന്‍ എന്ന് വിശേഷിപ്പിച്ചാണ് റയല്‍ കൊണ്ടു വന്നത്.
ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആകെ റയല്‍ നിരയില്‍ ഒരു മത്സരം മാത്രം കളിക്കാനാണ് കൗമാര താരത്തിന് അവസരം ലഭിച്ചിരിക്കുന്നത്. എസ്.സി. ഹീരന്‍വീന്‍ എന്ന ഡച്ച് ക്ലബ്ബിലെ 18 മാസം നീണ്ട വായ്പ കാലം അവസാനിച്ച് താരം തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു റയല്‍ ആരാധകര്‍. പക്ഷേ, വീണ്ടും മറ്റൊരു ഡച്ച് ക്ലബ്ബിലേക്ക് ഒഡെഗാര്‍ഡിനെ റയല്‍ വായ്പയായി നല്‍കി.
ഈ സീസണില്‍ വിറ്റെസെ അര്‍നെം ക്ലബ്ബിന് വേണ്ടിയാണ് താരം കളി കളിക്കുക. ട്വിറ്ററിലൂടെ റയല് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് ശേഷം ഒഡെഗാര്‍ഡും ഇക്കാര്യം സ്ഥിരീകരിച്ചു. യുവതാരങ്ങള്‍ക്ക് ഒരുപാട് അവസരം നല്‍കുന്ന ടീമാണ് വിറ്റെസെ. ഡച്ച് ലീഗില്‍ കളി തുടരുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
