ചെന്നൈ: ഐസിസി ടെസ്റ്റ് ടീമില്‍ വിരാട് കൊഹ‌്‌ലി ഇല്ലെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആദ്യം വിശ്വസിക്കാനായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 600ല്‍ അധികം റണ്‍സടിച്ചിട്ടും ഈ വര്‍ഷം മൂന്ന് ഡബിള്‍ സെഞ്ചുറി കുറിച്ചിട്ടും കൊഹ്‌ലി ടെസ്റ്റ് ടീമിലില്ല. എന്നാല്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 4-0ന് തോല്‍വി വഴങ്ങിയിട്ടും ഇംഗ്ലീഷ് നായകന്‍ അലിസറ്റര്‍ കുക്കാണ് ഐസിസി ടെസ്റ്റ് ടീമിന്റെ നായകന്‍. ഇത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. കൊഹ്‌ലി മാത്രമല്ല ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരനായ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഐസിസി ടീമിലെ പന്ത്രണ്ടാമന്‍ മാത്രമാണ്.

എന്തുകൊണ്ടാണ് കൊഹ്‌ലിയും സ്മിത്തും ഐസിസി ടീമില്‍ നിന്ന് പുറത്തായത്. ഇതിന് വോട്ടിംഗ് മുതല്‍ മറ്റു പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനം ഐസിസി ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കുന്നത് ഒരു കലണ്ടര്‍ വര്‍ഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയല്ല എന്നതാണ്. ഇംഗ്ലീഷ് ക്രിക്കറ്റ് സീസണ്‍  സെപ്റ്റംബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. അതുകൊണ്ടുതന്നെ ഇക്കാലയളവിലെ പ്രകടനമാണ് ഐസിസി അവാര്‍ഡിനായി പരിഗണിക്കുന്നത്. ഈ കാലയളവില്‍ എട്ടു ടെസ്റ്റില്‍ നിന്ന് 45.10 ശരാശരിയില്‍ 451 റണ്‍സായിരുന്നു കൊഹ്‌ലിയുടെ സമ്പാദ്യം. വെസ്റ്റിന്‍ഡീസിനെതിരെ നേടിയ ഡബിള്‍ സെഞ്ചുറി മാത്രമായിരുന്നു ഇക്കാലയളവിലെ കൊഹ്‌ലിയുടെ പ്രധാന നേട്ടം.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര മുതലാണ് ടെസ്റ്റില്‍ കൊഹ്‌ലിയുടെ റണ്‍വേട്ട ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷത്തെ അവാര്‍ഡുകളില്‍ മാത്രമെ കൊഹ്‌ലിയുടെ പ്രകടനം പ്രതിഫലിക്കുള്ളു. ഇതൊക്കെയാണെങ്കിലും ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്കിനെ ഐസിസി ടെസ്റ്റ് ടീം നായകനാക്കിയത് ഇംഗ്ലീശുകാര്‍ക്കുപോലും അത്ര വിശ്വസിക്കാനായിട്ടില്ല.